കണ്ണൂർ: കണ്ണൂർ മാതമംഗലത്ത് വീണ്ടും സംഘർഷം. ലീഗിന്റെ പ്രതിഷേധ പ്രകടനത്തിലേക്ക് സിഐടിയുകാർ ഇരച്ചുകയറി. പോലീസ് നോക്കി നിൽക്കെ പ്രകടനത്തിൽ പങ്കെടുത്ത മൂന്ന് ലീഗ് പ്രവർത്തകരെ സിഐടിയു പ്രവർത്തകർ മർദിച്ചു.
സിഐടിയുക്കാർ വിലക്കിയ കടയിൽ നിന്നും സാധനം വാങ്ങിയതിന് ലീഗ് പ്രവർത്തകനായ അഫ്സലിന് ഇന്നലെ മർദനമേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ലീഗ് പ്രവർത്തകർ പ്രകടനം നടത്തിയത്.
മാതമംഗത്തെ പെയിന്റ് കടയിൽ സാധനം ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയക്കാരും കടയുടമയും തമ്മിൽ നേരത്തെ തന്നെ പ്രശ്നം ഉണ്ടായിരുന്നു. പെയിന്റ് കടയിലേക്ക് സാധനം ഇറക്കുന്നതിന് സിഐടിയുക്കാരായ ചുമട്ട്തൊഴിലാളികളെ ഒഴിവാക്കി നേരിട്ട് ഇറക്കുന്നതിന് അനുമതി ഉണ്ടായിരുന്നു. ഈ അനുമതിയുമായി കടയിലേക്ക് സാധനം ഇറക്കിയ ഉടമയേയും ഉടമയുടെ ബന്ധുക്കളേയും ഒരുപറ്റം സിഐടിയുക്കാർ മർദിച്ചിരുന്നു. ഇതായിരുന്നു സംഭവങ്ങളുടെ തുടക്കം.
നേരിട്ട് സാധനം ഇറക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിട്ടു വീഴ്ചയും ഇല്ല എന്നും കയറ്റിറക്ക് തൊഴിൽ ചെയ്യുന്ന സിഐടിയു പ്രവർത്തകർക്ക് അതിന് അനുമതി വേണമെന്നും ആവശ്യപ്പെട്ട് കടക്കു മുമ്പിൽ സമരം ആരംഭിക്കുകയായിരുന്നു. സമരം നടക്കുന്നതിനിടയിൽ അഫ്സൽ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുകയായിരുന്നു. ഇത് പിന്നീട് സിഐടിയു പ്രവർത്തകർ ചോദ്യം ചെയ്യുകയും പ്രശ്നം ഉണ്ടാവുകയും ചെയ്തു. പിന്നാലെ ഒരു സംഘം ആളുകൾ അഫ്സലിനെ ആക്രമിക്കുകയും ചെയ്തു. തുടർന്ന് ഇതിനെതിരെയുള്ള പ്രതിഷേധമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടന്നത്. ഇതാണ് കൈയേറ്റത്തിൽ കലാശിച്ചത്.
Content Highlights: citu workers attack league rally