തിരുവനന്തപുരം
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ കോവിഡ് പ്രതിരോധ വസ്തുക്കൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പരാതിയിൽനിന്ന് മന്ത്രി വീണാ ജോർജിനെയും മുൻ മന്ത്രി കെ കെ ശൈലജയെയും ലോകായുക്ത ഒഴിവാക്കി. യൂത്ത്കോൺഗ്രസ് നേതാവ് വീണാ എസ് നായർ രാഷ്ട്രീയ പ്രേരിതമായി നൽകിയ പരാതിയിൽനിന്നാണ് ഒഴിവാക്കിയത്. 13 പേർക്കെതിരെയായിരുന്നു പരാതി. രാഷ്ട്രീയലാഭത്തിനായി മന്ത്രിമാരെ ഇത്തരം സംഭവങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ലോകായുക്ത പരാതിക്കാരിയെ ഓർമിപ്പിച്ചു.
മുൻമന്ത്രിയും നിലവിലെ മന്ത്രിയും എന്ത് ക്രമക്കേടാണ് കാട്ടിയതെന്ന് ലോകായുക്ത ചോദിച്ചു. പരാതിയിൽനിന്ന് ഇരുവരെയും ഒഴിവാക്കാനും ആവശ്യപ്പെട്ടു. അല്ലെങ്കിൽ പരാതി തള്ളുമെന്നും ഓർമിപ്പിച്ചു. തുടർന്ന് ഉപലോകായുക്ത ഹാറൂൺ റഷീദുമായി ചർച്ച ചെയ്ത് ലോകായുക്ത സിറിയക് ജോസഫ് പരാതിയിൽനിന്ന് ഒഴിവാക്കുകയായി*രുന്നു.
ആരോഗ്യ വകുപ്പ് സെക്രട്ടറി രാജൻ ഖൊബ്രഗഡേ, എൻഎച്ച്എം ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, തിരുവനന്തപുരം കലക്ടർ നവ്ജോത് ഖോസ തുടങ്ങിയവരെയും പ്രതി ചേർത്തിട്ടുണ്ട്. സർക്കാരിന് വേണ്ടി ലോകായുക്ത സ്പെഷ്യൽ ഗവ. പ്ലീഡർ പാതിരിപ്പള്ളി എസ് കൃഷ്ണകുമാരി ഹാജരായി.