തിരുവനന്തപുരം
സംസ്ഥാനത്ത് രണ്ടാം ഘട്ട ലൈഫ് പദ്ധതി പട്ടികയിൽ 5.5 ലക്ഷത്തോളം കുടുംബങ്ങൾക്ക് വീടിന് അർഹത. ലഭിച്ച അപേക്ഷകളിൽ പ്രാഥമിക പരിശോധനയിൽ 5,09,685 എണ്ണം അർഹതയുള്ളതായി കണ്ടെത്തി. 9,20,260 അപേക്ഷയിൽ പരിശോധിച്ച 85.67 ശതമാനത്തിൽ 64.70 ശതമാനം പേർക്കാണ് അർഹത. പൂർത്തിയായാൽ ഗുണഭോക്താക്കളുടെ എണ്ണം അഞ്ചര ലക്ഷത്തിനടുത്തെത്തും. കോവിഡായതിനാലാണ് പരിശോധന വൈകുന്നത്. സൂപ്പർ ചെക്ക്, പരാതി പരിഹാരം എന്നിവയ്ക്ക് ശേഷം ഗ്രാമസഭകൾ പട്ടിക അന്തിമമാക്കും. ഒന്നാം ഘട്ടത്തിലെ മൂന്നര ലക്ഷം ഗുണഭോക്താക്കളിൽ രണ്ടര ലക്ഷംപേരുടെ വീടിന്റെ നിർമാണം പൂർത്തിയായി.
അനർഹരെ ഒഴിവാക്കാനും അർഹർ വിട്ടുപോയില്ലെന്ന് ഉറപ്പാക്കാനുമാണ് കലക്ടർമാരുടെ നേതൃത്വത്തിലുള്ള സമിതി സൂപ്പർ ചെക്ക് നടത്തുക. തദ്ദേശമന്ത്രി എം വി ഗോവിന്ദൻ കഴിഞ്ഞദിവസം ഇതിന് നിർദേശം നൽകി. ഒരു വർഷം ഒരു ലക്ഷം പേർക്ക് വീട് നൽകാനാണ് സർക്കാർ തീരുമാനം.
ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിത ഭവനരഹിതർ എന്നിവർക്കാണ് രണ്ടാംഘട്ടത്തിൽ വീട്. ഭൂമിയുള്ള ഭവനരഹിത വിഭാഗത്തിൽ 6,41,652 ഉം ഭൂരഹിത ഭവനരഹിത വിഭാഗത്തിൽ 2,78,608 അപേക്ഷയും ലഭിച്ചു. ആദ്യ വിഭാഗത്തിൽ 5,54,742 അപേക്ഷയിൽ 3,30,756 എണ്ണവും രണ്ടാം വിഭാഗത്തിൽ 2,33,043ൽ 1,78,929 എണ്ണവും അർഹതയുള്ളതെന്ന് കണ്ടെത്തി.
അർഹത കണക്കാക്കുന്ന ഒമ്പത് ക്ലേശ ഘടകങ്ങൾ
● -മാനസിക വെല്ലുവിളി നേരിടുന്നവരോ അന്ധരോ ശാരീരിക തളർച്ചയോ ഉള്ളവരുള്ള കുടുംബം
● അഗതി/ആശ്രയ പദ്ധതിയിലെ ഗുണഭോക്താക്കൾ
●- 40 ശതമാനത്തിലേറെ അംഗവൈകല്യം ഉള്ളവരുള്ള കുടുംബം
● ട്രാൻസ്ജെൻഡേഴ്സ് ഉള്ള കുടുംബം
● അർബുദം, ഹൃദ്രോഗം, -വൃക്കരോഗം, -പക്ഷാഘാതം പോലെ വിവിധ രോഗമുള്ളവരുടെ കുടുംബം
● അവിവാഹിതരായ അമ്മമാരുള്ള കുടുംബം
● രോഗമോ അപകടമോ കാരണം തൊഴിലെടുത്ത് ജീവിക്കാനാകാത്ത കുടുംബനാഥനുള്ള കുടുംബം
● വിധവയായ കുടുംബനാഥയും സ്ഥിരം വരുമാനമില്ലാത്ത അംഗങ്ങളുമുള്ള കുടുംബം
● എച്ച്ഐവി ബാധിതരുള്ള കുടുംബം