കോഴിക്കോട്: വൻ ജനകീയ പ്രതിഷേധത്തെ തുടർന്ന് വിവാദമായ വെള്ളയിൽ മലിനജല സംസ്കരണ പ്ലാന്റ് നിർമാണം താൽക്കാലികമായി നിർത്തിവെക്കാൻ ധാരണ. ജനങ്ങളെ പൂർണമായും വിശ്വാസത്തിലെടുത്ത് മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോവുകയുള്ളൂവെന്ന് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ഇന്ന് നടന്ന് ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. വെള്ളയിൽ ആവിക്കൽ മലിന ജല പ്ലാന്റ് സ്ഥാപിക്കുന്നതിൽ വലിയ പ്രതിഷേധമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഹർത്താലും പോലീസ് നടപടിയുമെല്ലാം പദ്ധതിയെ വൻ വിവാദത്തിലാക്കുകയും ചെയ്തു. തുടർന്നാണ് സമരസമിതി പ്രതിനിധികളും ജനപ്രതിനിധികളും തമ്മിൽ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വെച്ച് വ്യാഴാഴ്ച പ്രത്യേകം ചർച്ച നടന്നത്. രാവിലെ പത്തരയ്ക്ക് തുടങ്ങിയ ചർച്ച രണ്ടര മണിക്കൂറുകളോളം നീണ്ടു. തുടർന്നാണ് താഴെ തട്ടിൽ ചർച്ച നടത്താനും പദ്ധതി പ്രവർത്തനങ്ങൾ അതിന് ശേഷം മുന്നോട്ട് കൊണ്ടുപോയാൽ മതിയെന്നും തീരുമാനമായത്.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബീച്ചിലെ വെള്ളയിൽ ആവിക്കലിൽ മലിനജലസംസ്കരണ പ്ലാന്റ് നിർമിക്കാൻ തീരുമാനിച്ചത്.സെപ്റ്റിക് ടാങ്കിലെ മാലിന്യമെടുത്ത് ശുദ്ധമായ വെള്ളവും ഒപ്പം വളവുമാക്കി മാറ്റി സംസ്കരിച്ച വെള്ളം തോട്ടിലേക്ക് ഒഴുക്കിക്കളയുന്ന പദ്ധതിയാണ് മലിന ജല സംസ്കരണത്തിനൊപ്പം വിഭാവനം ചെയ്തത്. നഗരത്തിൽ ഏഴെണ്ണം ഇത്തരത്തിൽ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിനുള്ള സ്ഥലം കണ്ടെത്താനായി കേരള വാട്ടർ അതോറിറ്റിയുമായി ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.
പ്ലാന്റ് വന്നാൽ പാരിസ്ഥിതികപ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും ജനങ്ങൾക്ക് പ്രയാസമുണ്ടാകില്ലെന്നുമാണ് കോർപ്പറേഷന്റെ വിശദീകരണം. തീരമേഖലയിലുള്ള 98,000 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും കോർപ്പറേഷൻ എൻജിനിയറിങ് വിഭാഗം പറയുന്നു. എന്നാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പദ്ധതി വേണ്ടെന്നും പ്ലാന്റ് വെള്ളയിയിൽനിന്ന് മറ്റു അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
മലിനജലസംസ്കരണ പ്ലാന്റുമായി മുന്നോട്ടുപോവുമെന്ന കോർപ്പറേഷന്റെ നടപടിയിൽ പ്രതിഷേധിച്ച് വെള്ളയിൽ ജനകീയക്കമ്മിറ്റി ചൊവ്വാഴ്ച മൂന്ന് വാർഡുകളിൽ ഹർത്താൽ ആചരിക്കുകയും ചെയ്തിരുന്നു. മൂന്നാലിങ്കൽ, തോപ്പയിൽ, വെള്ളയിൽ വാർഡുകളിലായിരുന്നു ഹർത്താൽ.