തിരുവനന്തപുരം: പണം തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിരോധത്തിൽ നിൽക്കുന്ന തിരുവനന്തപുരം കോർപ്പറേഷനെ വിഷമവൃത്തത്തിലാക്കി വീണ്ടും തട്ടിപ്പ് വിവാദം. കഴക്കൂട്ടം സോണൽ ഓഫീസിലാണ് ഇത്തവണ പണത്തട്ടിപ്പ് കണ്ടെത്തിയത്. നിലവിലെ വിവരങ്ങൾ പ്രകാരം 255,000 രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്.
ആദ്യം ഉയർന്ന പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെൻഷനിലുള്ള കാഷ്യർക്കെതിരെ വിഷയത്തിൽ വീണ്ടും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സോണലോഫീസിലെ കാഷ്യറായിരുന്ന അൻസിൽ കുമാറിനെതിരെയാണ് കഴക്കൂട്ടം പോലീസ് കേസെടുത്തത്. നികുതിയിനത്തിലും കുടിവെള്ള കണക്ഷൻ എടുക്കുന്നതിനായി റോഡ് മുറിക്കുന്നതിനും ജനങ്ങൾ അടച്ച പണമാണ് അപഹരിച്ചതായി കണ്ടെത്തിയത്.
പണമടക്കുന്നവർക്ക് രസീത് നൽകാറുണ്ടെങ്കിലും രജിസ്റ്ററിൽ രസീത് ക്യാൻസൽ ചെയ്താണ് തട്ടിപ്പ് നടത്തിയത്. നികുതി പണം അപഹരിച്ചത് സംബന്ധിച്ച് മാസങ്ങളായി തുടർന്നുവരുന്ന ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് കൂടുതൽതട്ടിപ്പ് കണ്ടെത്തിയത്. നഗരസഭാ സെക്രട്ടറി നൽകിയ പരാതിയിലാണ് കഴക്കൂട്ടം പോലീസ് കേസെടുത്തത്.















