തൃശ്ശൂർ: സിൽവർ ലൈനിന് തത്വത്തിൽ അനുമതി നൽകിയിട്ടില്ലെന്നും, വിദേശ ഫണ്ടു മേടിക്കാൻ അവകാശമില്ലന്നും കേന്ദ്ര സർക്കാരിന്റെ രേഖാമൂലമുള്ള അറിയിപ്പ് വന്ന സാഹചര്യത്തിൽ നാട്ടുകാരുടെ പറമ്പിൽ പാകിയ മഞ്ഞക്കല്ലിൽ ഇനി പശുവിനെ കെട്ടാം കല്ല് തിരിച്ച് പറിക്കേണ്ടതില്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ പരിഹാസം
കെ.റെയിൽ പദ്ധതിക്കായി അതിർത്തി നിർണ്ണയിച്ച് പാകിയ മഞ്ഞക്കുറ്റി തിരിച്ച് പറിക്കേണ്ട സാഹചര്യത്തിൽ പോലും , പ്രധാനപ്പട്ട ഡിപിആർ രേഖകൾ മുഴുവനും സമർപ്പിക്കുന്നതിന് മുൻപ് ബജറ്റിൽ കെ. റെയിലിന് പണം ചോദിച്ച് കിട്ടാത്തതിൽ കേന്ദ്ര സർക്കാരിനെ കുറ്റം പറയുന്ന കേരള ധനമന്ത്രിക്ക് രണ്ടല്ല നാല് ചങ്കുണ്ടന്ന് പറയേണ്ടിവരും.
വാസ്തവത്തിൽ ധനമന്ത്രി കേരള ജനതയെ അപമാനിച്ചിരിക്കുകയാണ്. കേരളത്തിന് വേണ്ടി എന്ത് എങ്ങിനെ കേന്ദ്ര സർക്കാരിനോട് ചോദിക്കണമെന്ന് പോലും ധനമന്ത്രിക്കറിയില്ലന്നത് പരിതാപകരമാണ്. കേരള സർക്കാരും ധനമന്ത്രിയും ഇപ്പോഴും പറയുന്നത് കെ റെയിലിന് കേന്ദ്ര സർക്കാരിന്റെ അനുമതി ഉണ്ടന്നാണ്. ഇത് ശുദ്ധ അസംബന്ധമാണ്.
കെ.റെയിലിന് അനുമതി ഉണ്ടാകാം.കെ. റെയിൽ എന്നാൽ കേരള സർക്കാരും ഇന്ത്യൻ റെയിൽവേയും ചേർന്ന ഷെയർ ഹോർഡർ സംരഭമാണ്. അനുമതി ഇല്ലാത്തത് കെ. റെയിലിന്റെ പേരിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിൽവർ ലൈൻ പദ്ധതിക്കാണ്. ഇത് സിൽവർ ലൈനല്ല സിപിഎമ്മിന്റെ Deadline ആണ്. ഒരു കാര്യം വ്യക്തം. 20000 കുടുംബങ്ങളെ കുടി ഒഴിപ്പിച്ച് ഒരു സ്പീഡ് ട്രെയിനും കൊണ്ടുവരാൻ ബിജെപി കേരള ഘടകം അനുവദിക്കില്ല.
ഇപ്പോൾ കെ.റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് ഞങ്ങൾ എതിരല്ലെന്ന കോൺ. പ്രസിഡന്റ് സുധാകരന്റെ പ്രസ്താവന സി പി എം -കോൺ ഒത്തുകളിയുടെ ഭാഗമാണ്. കേരളത്തിലെ ഒരു വൻകിട ബിസിനസ്മേധാവി മദ്ധ്യസ്ഥനായി ദുബായിൽ വെച്ച് കെ. റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് – സിപിഎം മദ്ധ്യസ്ഥ ചർച്ച നടന്നതായി സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുധാകരന്റെ മൊഴിമാറ്റം. മൊഴിമാറ്റത്തിലും ഒത്ത് തീർപ്പിലും അഴിമതി നടത്തുന്നതിലും കൈക്കൂലി കരസ്ഥമാക്കുന്നതിലും കോൺഗ്രസ്സ് അഗ്രകണ്യൻമാരാണ്.
ഈ ഒത്ത് കളി ഇനി കേരളത്തിൽ നടപ്പില്ല. ആര് മൊഴിമാറ്റിയാലും എത്ര മഞ്ഞ കുറ്റി സ്ഥാപിച്ചാലും 20000 കുടുംബങ്ങളെ തെരുവിലിറക്കി കെ. റെയിൽ ഉണ്ടാക്കാമെന്ന് ആരും വിചാരിക്കേണ്ട. ബിജെപി കേരള ഘടകം അചഞ്ചലമായി കേരളത്തിന് യോജിക്കാത്ത ഈ പദ്ധതിക്കെതിരെ രംഗത്തുണ്ടായിരിക്കും. ബിജെപി പ്രതിരോധത്തെ മറികടക്കാനുളള ത്രാണി കേരളത്തിൽ മാത്രമുള്ള സിപിഎമ്മിന് ഇല്ലന്ന യാഥാർത്ഥ്യം സിപിഎം തിരിച്ചറിയണം. ഗോപാലകൃഷ്ണൻ പറഞ്ഞു.
Content highlights: b gopalakrishnan on k rail