കേന്ദ്ര ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് നീക്കി വെച്ച തുക വളരെ കുറഞ്ഞുപോയെന്ന് ടെക്നോപാർക്ക് മുൻ സി.ഇ.ഒയും സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവുമായ ജി. വിജയരാഘവൻ. അഴിമതി കുറയാൻ സഹായിക്കുന്ന നീക്കമായാണ് രാജ്യം സ്വന്തമായി ക്രിപ്റ്റോ കറൻസി ഇറക്കാൻ പോകുന്നതിനെ കാണുന്നതെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
കേന്ദ്ര ബജറ്റിന് പിന്നാലെ നിരവധി വിമർശനങ്ങൾ രാഷ്ട്രീയമായി ഉയർന്നിട്ടുണ്ട്. ബജറ്റിനെ എങ്ങനെയാണ് താങ്കൾ നോക്കി കാണുന്നത്?
ഓവറോൾ ബജറ്റിന്റെ ഫോക്കസ് നോക്കുകയാണെങ്കിൽ രണ്ട് ഏരിയ ആയിട്ട് കാണാം. ഒന്ന് ഡിജിറ്റലൈസേഷൻ എന്നതും രണ്ടാമത്തേത് അടിസ്ഥാന സൗകര്യ വികസനവും. ഒരു സ്റ്റേറ്റ്മെന്റ് ഓഫ് ഇന്റൻഡ് എന്ന് വേണമെങ്കിൽ അതിനെ പറയാം. ഇവയുടെയൊക്കെ പ്രയോജനം എങ്ങനെയിരിക്കുമെന്നത് അത് നടപ്പിലാക്കുന്നത് എങ്ങനെ എന്നതിനെ ആശ്രയിച്ചിരിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാനങ്ങൾക്ക് വേണ്ടി ഒരുലക്ഷം കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അത് 15,000 കോടിയായിരുന്നു.
പക്ഷെ ബജറ്റിന്റെ വിശദമായ വായനയിൽ കാണുന്നത് പല കേന്ദ്ര പദ്ധതികളുടെയും വിഹിതം ഗണ്യമായി കുറച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുമ്പോൾ ക്യാപിറ്റൽ എക്സ്പെൻഡിച്ചർ വർധിച്ചതായി തോന്നും. ബജറ്റ് ഡോക്യുമെന്റ് വിശദമായി പഠിക്കുമ്പോഴെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ.
ഡിജിറ്റലൈസേഷൻ, സമരവും മറ്റും വന്നതിനെ തുടർന്ന് കർഷകർക്കുള്ള പദ്ധതികൾ പറഞ്ഞിട്ടുണ്ട്. എന്നാൽ ആശങ്കയായി പറയാവുന്ന ഒന്നാണ് ആരോഗ്യ മേഖലയ്ക്ക് തുക കുറഞ്ഞത്. കഴിഞ്ഞ തവണ 83,000 കോടിയോളം വകയിരുത്തിയിരുന്ന സ്ഥാനത്ത് ഇത്തവണ 86,000 കോടിയാണ്. ചുരുക്കി പറഞ്ഞാൽ ഇതിൽ വലിയൊരു വർധനവ് വന്നിട്ടില്ല.വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ 80,000 കോടിയിൽ നിന്ന് ഒരുലക്ഷം 1.04 ലക്ഷം കോടിയാക്കി വർധിപ്പിച്ചിട്ടുണ്ട്. 20 ശതമാനത്തോളം വർധനവ് ഇക്കാര്യത്തിലുണ്ട്.
ഇത്രയും കാലം ക്രിപ്റ്റോ കറൻസി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന ഒന്നായാണ് സർക്കാർ കണ്ടിരുന്നത്. ഇപ്പോഴിതാ രാജ്യം സ്വന്തമായ ക്രിപ്റ്റോ കറൻസി ഇറക്കാൻ പോകുന്നു. മാത്രമല്ല മറ്റ് സ്വകാര്യ ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങൾക്ക് നികുതി ചുമത്തി നിയമവിധേയമാക്കുകയും ചെയ്യുന്നു. എങ്ങനെയാണ് ഇക്കാര്യത്തെ വീക്ഷിക്കുന്നത്?
ക്രിപ്റ്റോ കറൻസി ഇന്ത്യ ഇറക്കുന്നതിന്റെ ഒരു ഗുണം അതിന്റെ വിനിമയം നിരീക്ഷിക്കാൻ സർക്കാരിന് സാധിക്കുമെന്നതാണ്. എവിടെനിന്നു വരുന്നു എങ്ങോട്ട് പോകുന്നു എന്നൊക്കെ മനസിലാക്കാൻ സർക്കാരിന് സാധിക്കും. എന്നാൽ പണമായി കൈമാറ്റം ചെയ്യുമ്പോൾ ഇത് സാധിച്ചെന്ന് വരില്ല.
ഇങ്ങനെ പതുക്കെ ഡിജിറ്റൽ കറൻസിയിലേക്ക് മാറുകയാണെങ്കിൽ അഴിമതി വളരെ കുറയും. എന്നാൽ ഇതിൽ എങ്ങനെയാണ് ആളുകൾ കാണുന്നത് എന്നതിൽ ഒരു പ്രശ്നമുണ്ട്. കാരണം പലർക്കും അതിനോട് എതിർപ്പ് വരാം. അതേസമയംബാങ്കിങ് സംവിധാനമില്ലാത്തിടത്ത് മൊബൈൽ ബാങ്കിങ് സംവിധാനം വഴി പണം കൈമാറ്റം ചെയ്യാവുന്ന ഒരു നേട്ടം വരാൻ സാധ്യതയുണ്ട്. അതുകൊണ്ടൊക്കെ തന്നെ ഇന്ത്യ ഒരു ഡിജിറ്റൽ റുപ്പി ഇറക്കുന്നതിനെ നല്ല പദ്ധതിയായാണ് ഞാൻ കാണുന്നത്.
400 വന്ദേഭാരത് ട്രെയിനുകൾ ഉൾപ്പെടുന്ന അതിവേഗ ട്രെയിനുകളെപ്പറ്റി ബജറ്റിൽ പറയുന്നു. കേരളം മുന്നോട്ടുവെക്കുന്ന സിൽവർ ലൈൻ പദ്ധതി മറ്റൊരു വശത്ത്. എന്താണ് ഇക്കാര്യത്തിലുള്ള നിലപാട്?
കേരളത്തിൽ ഒരു അതിവേഗ റെയിൽ പദ്ധതി വേണ്ട എന്ന നിലപാടുകാരനല്ല ഞാൻ. അതേസമയം അങ്ങനെ വരികയാണെന്നുണ്ടെങ്കിൽ അതിന്റെ സാമൂഹിക- പാരിസ്ഥിതിക- സാമ്പത്തിക വിഷയങ്ങൾ വിശദമായി പഠിച്ച് സാമ്പത്തികമായും, സാമൂഹ്യപരമായും പരിസ്ഥിതിപരമായും കേരളത്തിന് താങ്ങാൻ സാധിക്കുന്ന ഒന്നാണോ എന്നതിൽ വളരെ വിശദമായ പഠനം വേണമെന്ന അഭിപ്രായക്കാരനാണ് ഞാൻ.
അതേസമയത്ത് കേന്ദ്രത്തിന്റെ റെയിൽവേയെ ഉപയോഗിച്ച് അതിവേഗ റെയിലിന് വേണ്ടി നിലവിലെ പാതകളെ പൂർണമായും ഉപയോഗിച്ച്, ഓട്ടോമാറ്റിക് സിഗ്നലിങ്, മെമുവുമടക്കം കേരളത്തിൽ നടപ്പിലാക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. നമുക്ക് നമ്മുടേതായിട്ടുള്ള ബെനഫിറ്റ് റെയിൽവേയിൽനിന്ന് കിട്ടണം. അതിനുവേണ്ടിയിട്ടുള്ള പദ്ധതികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകേണ്ടത്.
അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ഒരുലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്കായി കേന്ദ്രം നൽകും. കേരളം ഇതിന് അനുയോജ്യമായ പദ്ധതികളുമായി മുന്നോട്ടുപോകണം. നഗരാസൂത്രണത്തിൽ വരുത്തുന്ന ചില മാറ്റങ്ങൾക്ക് അനുസരിച്ചാകും സംസ്ഥാനങ്ങൾക്ക് ഈ തുക അനുവദിക്കുന്നതെന്നാണ് മനസിലാക്കുന്നത്.
സംസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് കേരളത്തിന് ഗുണകരമാകുന്ന എന്തൊക്കെയാണ് ബജറ്റിലുള്ളത്?
കഴിഞ്ഞ കുറേ ബജറ്റുകളിൽ ഏതെങ്കിലും സംസ്ഥാനങ്ങൾക്ക് മാത്രം പ്രയോജനം ചെയ്യുന്ന പദ്ധതികളില്ല. ഉദാഹരണത്തിന് തിരുവനന്തപുരത്തും, കോഴിക്കോടും ലൈറ്റ് മെട്രോ വരുന്നത് സംബന്ധിച്ച് ബജറ്റിൽ നീക്കി വെച്ചിട്ടുള്ള ഒരുലക്ഷം കോടി രൂപയിൽ സംസ്ഥാനത്തിന് എത്ര കിട്ടും എന്നതിൽ വേണം നമ്മൾ പ്ലാൻ ചെയ്യാൻ. അതനുസരിച്ചുള്ള മാറ്റങ്ങൾ പ്രോജക്ടിൽ കൊണ്ടുവരണം. അല്ലെങ്കിൽ വയബിളിറ്റി ഗ്യാപ് ഫണ്ടഡ് പ്രോജക്ടാക്കുക, പൊതു- സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതികൾ, ഇങ്ങനെയുള്ളവയെ കേന്ദ്രം തീർച്ചയായും പിന്തുണയ്ക്കും.
പക്ഷെ ഒരു സംസ്ഥാനത്തിന് എത്ര കിട്ടും എന്നത് ആ സംസ്ഥാനമാണ് തീരുമാനിക്കേണ്ടത്. അതനുസരിച്ചുള്ള പദ്ധതികളുമായി മുന്നോട്ടുപോകണം. പ്രസ്താവനകൾ മാത്രമായാൽ നടക്കില്ല. വിശദമായ പദ്ധതി രേഖ കേന്ദ്രത്തിന്റെ മാർഗനിർദ്ദേശമനുസരിച്ച് പോവുകയാണെങ്കിൽ കേന്ദ്ര വിഹിതമായി നല്ലൊരു തുക നമുക്ക് കിട്ടും എന്നതിൽ യാതൊരു സംശയവുമില്ല.
തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ലൈറ്റ് മെട്രോയുമായി മുന്നോട്ടുപോകുമെന്നാണ് സർക്കാരിന്റെ മാനിഫെസ്റ്റോയിൽ പറഞ്ഞിരുന്നത്. ഇതൊക്കെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ്. അതിന് കേന്ദ്രത്തിന്റെ സഹായമുണ്ടാവുകയും ചെയ്യും.
content highlights:planning commission former member and technopark former ceo g vijayaraghavan on union budget