ന്യൂഡൽഹി: കെ റെയിൽ പദ്ധതിയെ അനുകൂലിക്കുന്നുവെന്ന താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അത്തരം വാർത്തകൾ വേദനിപ്പിച്ചെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കെ റെയിൽ പദ്ധതിയെ അനുകൂലിക്കുന്നുവെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. അതിവേഗ പാതയോട് വിമുഖതയില്ലെന്ന് മാത്രമാണ് താൻ അഭിപ്രായപ്പെട്ടതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കേന്ദ്രത്തിൽ നിന്ന് തത്വത്തിൽ അംഗീകാരം ലഭിച്ചുവെന്ന് പറഞ്ഞ് ധനമന്ത്രി നടത്തിയത്ദുർവ്യാഖ്യാനമാണ്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. സിൽവർലൈൻ പദ്ധതി കേരളത്തിന് പറ്റിയതല്ല. ശാസ്ത്രീയ സാങ്കേതിക പഠനം പോലും നടത്തിയിട്ടില്ല. പദ്ധതി പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കും, കാർഷിക മേഖലയെ തകർക്കും-സുധാകരൻ പറഞ്ഞു.
കേന്ദ്രത്തിൽ നിന്ന് ഒരു പച്ചക്കൊടിയും കിട്ടാതെ പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കാനും, ജനങ്ങളുടെ പ്രതിഷേധം മറികടന്ന് പോലീസിന്റെ സഹായത്തോടെ കല്ലിടാനും പോയ സംസ്ഥാന സർക്കാരിന്റെ തലയ്ക്ക് ഭ്രാന്താണോ എന്നും സുധാകരൻ ചോദിച്ചു. കേരളത്തിൽ ആരും ഈ പദ്ധതിയെ അനുകൂലിക്കുന്നില്ലെന്നും കോൺഗ്രസിന് കെ-റെയിൽ നിലപാടിൽ മാറ്റമില്ലെന്നും സുധാകരൻ പറഞ്ഞു.
Content Highlights: k sudhakaran against state government in k rail project