അഗളി
അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ സഹായിക്കാൻ നടൻ മമ്മുട്ടി നിയോഗിച്ച വക്കീൽ അട്ടപ്പാടിയിലെത്തി. ചെന്നൈയിൽനിന്ന് എത്തിയ അഡ്വ. വി നന്ദകുമാറാണ് ബുധനാഴ്ച രാവിലെ മൂക്കാലി ചിണ്ടക്കിയിലെ മധുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയത്.
കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി കുടുംബം ആശങ്ക പ്രകടിപ്പിച്ചു. പുതിയ ഏജൻസി അന്വേഷിക്കണമെന്നാണ് നിലപാടെന്നും അവർ വ്യക്തമാക്കി. പ്രതികളിൽനിന്ന് പണം വാങ്ങി കേസ് ഒത്തുതീർപ്പാക്കാൻ കുടുംബം ശ്രമിക്കുന്നുണ്ടെന്ന നുണപ്രചാരണം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി മധുവിന്റെ സഹോദരി സരസു പറഞ്ഞു.
കുപ്രചാരണത്തിനെതിരെ അഗളി പൊലീസിൽ പരാതി നൽകാനും കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയക്കാനും നിർദേശിച്ചാണ് നന്ദകുമാർ മടങ്ങിയത്. കേസ് സിബിഐ ഏറ്റെടുത്ത് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.