കോഴിക്കോട്
ദേശാഭിമാനിയെ ഒരു ഗ്രാമം നെഞ്ചേറ്റിയപ്പോൾ പിറന്നത് പുതുചരിത്രം. സിപിഐ എം കോട്ടൂളി സെൻട്രൽ ബ്രാഞ്ചിൽ 200 വീടുകളാണുള്ളത്. ഇവിടത്തെ 105 വീട്ടുകാരും ദേശാഭിമാനി വാർഷിക വരിക്കാരായി. വാർഷിക വരിയല്ലാത്ത പത്തിലധികം പത്രവും ഇവിടെയുണ്ട്. ഇതോടെ പകുതിയിലധികം വീട്ടിലും ദേശാഭിമാനിയെന്ന അഭിമാനത്തിലാണ് കോട്ടൂളി. സമ്പാദ്യപദ്ധതിയും സമ്മാന നറുക്കെടുപ്പുമെല്ലാം നടത്തി പണം കണ്ടെത്തിയാണ് കോട്ടൂളിക്കാർ ജനകീയ പത്രമായ ദേശാഭിമാനിയെ നെഞ്ചേറ്റിയത്.
തൊഴിലാളി വർഗത്തിന്റെ പടവാളായ പത്രത്തിന്റെ പ്രചാരണം നാട് ഏറ്റെടുത്തതിന്റെ നേർസാക്ഷ്യമാണ് കോട്ടൂളി ലോക്കൽ കമ്മിറ്റിക്കും പറയാനുള്ളത്. ആഴ്ചയിൽ 300 വീതം 2900 രൂപ സമാഹരിച്ചാണ് വാർഷികവരിയുടെ പണം കണ്ടെത്തിയത്. ചെറു സമ്പാദ്യപദ്ധതി ഉൾപ്പെടെ ആവിഷ്കരിച്ചിരുന്നു. ഇതിലേക്ക് ആകർഷിക്കാൻ നറുക്കെടുപ്പും സമ്മാനങ്ങളും ഏർപ്പെടുത്തി. ജില്ലയിൽ ഏറ്റവുമധികം വാർഷിക വരിക്കാരുള്ളതും കോട്ടൂളി ലോക്കലിലാണ്. 667 പേരാണ് ഇവിടെ വാർഷിക വരിസംഖ്യ അടച്ചത്. ഉള്ള്യേരി ലോക്കലിൽ 659, കിനാലൂരിൽ 598, അവിടനല്ലൂരിൽ 544 എന്നിങ്ങനെ വാർഷിക വരിക്കാരുണ്ട്. ഏരിയതലത്തിൽ കക്കോടിഏരിയയിലാണ് ഏറ്റവുമധികം വാർഷിക വരിക്കാർ–- 4602. തൊട്ടടുത്ത് ബാലുശേരിയാണ്–- 4601 വരിക്കാർ. കോവിഡ് പ്രതിസന്ധി അതിജീവിച്ചും നിയന്ത്രണങ്ങൾ പാലിച്ചുമാണ് സിപിഐ എം പ്രവർത്തകർ സ്ക്വാഡുകളായി തിരിഞ്ഞ് പത്ര പ്രചാരണത്തിനിറങ്ങിയത്.