മഞ്ചേശ്വരം
വ്യാജ രസീത് അച്ചടിച്ച് കോൺഗ്രസ് നേതാക്കളുടെ പണപ്പിരിവ്. മഞ്ചേശ്വരം മണ്ഡലത്തിലെ ചില നേതാക്കൾക്കെതിരെയാണ് കെപിസിസി 137 ചലഞ്ചിന്റെ മറവിൽ സ്വന്തംനിലയിൽ ലക്ഷങ്ങൾ പിരിച്ചെടുത്തതായി ആരോപണമുയർന്നത്. കോൺഗ്രസിന്റെ 137–ാം വാർഷികാഘോഷത്തിനായി നടത്തിയ വിപുലമായ പിരിവിന്റെ ചുവടുപിടിച്ചായിരുന്നു തട്ടിപ്പ്. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് വ്യാജ രസീത് ഇറക്കിയത്.
കെപിസിസി 137 ചലഞ്ചിന്റെ ഫണ്ട് പിരിവ് ചുമതല മഞ്ചേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിനായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബ്ലോക്ക് പരിധിയിലെ ഒരു മണ്ഡലത്തിലും പരിപാടി സംഘടിപ്പിച്ചില്ലെന്നും പിന്നെന്തിനാണ് വ്യാജ രസീത് അടിച്ച് പിരിവ് നടത്തുന്നതെന്ന് പാർടി പ്രവർത്തകർ ചോദിക്കുന്നു. കോൺഗ്രസ് പ്രവർത്തകരുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലും ഇതുസംബന്ധിച്ച വിവാദം കൊഴുക്കുകയാണ്.
മഞ്ചേശ്വരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റിന്റെ അറിവോടും സമ്മതത്തോടുമാണ് വ്യാജ പണപ്പിരിവെന്നും ഇവർക്കെതിരെ നടപടി വേണമെന്നും മറുപക്ഷം ആവശ്യപ്പെടുന്നു. 137 ചലഞ്ചിന് സംഭാവന നൽകിയ ആളോട് വീണ്ടും വൻതുക ആവശ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ഡിസിസി പ്രസിഡന്റിനെ വിളിച്ചു പരാതിപ്പെടുന്നതിന്റെ വോയ്സ് ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. കെപിസിസി നേതൃത്വത്തിന് പരാതി നൽകിയെങ്കിലും അന്വേഷണം നടത്തിയില്ലെന്നും വ്യാജ പിരിവിന് ഡിസിസി പ്രസിഡന്റിന്റെയടക്കം മൗനസമ്മതമുണ്ടെന്നും ഒരുവിഭാഗം പ്രവർത്തകർ പറയുന്നു.