തിരുവനന്തപുരം
കെ റെയിലിനുള്ള അനുമതിക്ക് കൂടുതൽ വിശദാംശം തേടിയെന്ന കേന്ദ്ര സർക്കാരിന്റെ വെളിപ്പെടുത്തലിൽ മതിമറന്ന് പ്രതിപക്ഷം. യുഡിഎഫ് അംഗങ്ങൾ ലോക്സഭയിൽ ഉറഞ്ഞാടിയപ്പോൾ പുറത്ത് അവർക്ക് ആവേശം പകർന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും. പദ്ധതിയെ കേന്ദ്രസർക്കാർ തള്ളിപ്പറയുകയോ അനുമതി നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യം റെയിൽമന്ത്രിയുടെ ലോക്സഭയിലെ പ്രതികരണത്തിലും വ്യക്തമാണ്. എന്നാൽ, ഡിപിആർ അപൂർണമാണെന്നും അനുമതിയില്ലെന്നുമുള്ള വ്യാഖ്യാനമാണ് പ്രതിപക്ഷം എഴുന്നള്ളിച്ചത്. അത് ഏറ്റെടുത്ത് ഒരു വിഭാഗം മാധ്യമങ്ങളും രംഗത്തിറങ്ങി.
കെ മുരളീധരൻ, എൻ കെ പ്രേമചന്ദ്രൻ എന്നിവരാണ് ലോക്സഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചത്. ഇതിന് കേന്ദ്രമന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ മൂന്ന് കാര്യമാണ് പറഞ്ഞത്. ഒന്ന്, പദ്ധതിക്ക് അനുമതി നൽകാൻ കൂടുതൽ വിശദാംശങ്ങൾ ലഭിക്കാനുണ്ട്. രണ്ട്, സാമൂഹികാഘാത പഠനം നടക്കുന്നതേയുള്ളൂ. മൂന്ന്, സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗികതകൂടി പരിഗണിക്കണം. അനുമതി നൽകുന്നത് ഈ ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം മറച്ചുവച്ചാണ് ഡിപിആർ അപൂർണമെന്ന പ്രചാരണം. സർക്കാരിനും സംസ്ഥാന താൽപ്പര്യത്തിനും എതിരെയാണ് യുഡിഎഫും ബിജെപിയും കച്ചമുറുക്കുന്നതെന്നാണ് ഇത് തെളിയിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾകൂടി ലഭിക്കാനുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞതിൽത്തന്നെ പദ്ധതി ഇപ്പോഴും സർക്കാരിന്റെ പരിഗണനയിലാണെന്നാണ് വ്യക്തമാക്കുന്നത്.മാത്രമല്ല, യുഡിഎഫിനെ അലോസരപ്പെടുത്തുന്ന പലതും കേന്ദ്രമന്ത്രിയുടെ മറുപടിയിലുണ്ട്. ഡിപിആർ റെയിൽമന്ത്രാലയം പരിശോധിച്ചുവരികയാണെന്നും കേന്ദ്രമന്ത്രി സഭയിൽ അറിയിച്ചു. ഇതിനെയാണ് അപൂർണമെന്ന് ചിത്രീകരിച്ച് പ്രതിപക്ഷവും ചില മാധ്യമങ്ങളും പ്രചാരണം അഴിച്ചുവിട്ടത്.
അതിബുദ്ധിയിൽ ചോദ്യം; കെണിയിൽ വീണ് നേതാക്കൾ
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചെന്ന വാർത്ത നൽകി സ്വയം ‘സന്തോഷിച്ച’ ഏതാനും ചാനലും പ്രതിപക്ഷ നേതാക്കളുംപെട്ടത് വലിയ അമളിയിൽ. ഇത് പിന്നീട് തിരിച്ചറിഞ്ഞെങ്കിലും ചൊവ്വ വൈകിട്ടുവരെ വാർത്ത തുടർന്നു. ചില മാധ്യമങ്ങളുടെയും പ്രതിപക്ഷ നേതാക്കളുടെയും ആഗ്രഹം പദ്ധതി നടക്കരുത് എന്നായതുകൊണ്ട് എല്ലാം പെട്ടെന്ന് സംഭവിക്കുകയായിരുന്നു.
‘മിടുക്ക്‘കാണിക്കാൻ പണ്ടേ മിടുക്കന്മാരായ രണ്ട് എംപിമാർ ചോദ്യം തയ്യാറാക്കുന്നതിലും ‘അതിബുദ്ധി’ കാണിച്ചു. എല്ലാത്തിനും ‘ഇല്ല’എന്ന് ഉത്തരം കിട്ടുംവിധം ചോദ്യമുണ്ടാക്കിയതിനു പിന്നിൽ ചില മാധ്യമ പ്രവർത്തകരുണ്ടെന്നും സംസാരമുണ്ട്. സ്വാഭാവികം!
ചോദ്യം ഒന്ന്: പദ്ധതിക്ക് അനുമതി നൽകിയോ? ഇല്ലെന്നല്ലാതെ എന്തുത്തരം. പരിസ്ഥിതി ആഘാതപഠന റിപ്പോർട്ട് കേരളം സമർപ്പിച്ചോ? പദ്ധതിക്ക് ഇത് ആവശ്യമില്ലെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നുത്തരം. വിദേശവായ്പ എടുക്കാൻ കേന്ദ്രം അനുവദിച്ചോ? ഇല്ല, ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പദ്ധതിയുടെ പണി തുടങ്ങാൻ അനുമതി കൊടുത്തോ? എന്നിങ്ങനെ മറുപടികൾ തെറ്റിദ്ധരിപ്പിക്കാൻ കഴിയുമെന്ന് ഉറപ്പിച്ചായിരുന്നു ചോദ്യമെല്ലാം.
പക്ഷേ, കെ–-റെയിൽ തന്നെ നേരത്തെ വ്യക്തമാക്കിയ കാര്യങ്ങളാണ് ഉത്തരങ്ങളെന്നത് മറച്ചുപിടിച്ചാണ് മാധ്യമങ്ങളും ഏറ്റുപിടിച്ചത്. ഡിപിആറിൽ റെയിൽവേ ചോദിച്ച വിശദീകരണങ്ങൾ കെ–- റെയിൽ നൽകിവരികയാണ്. സാമൂഹ്യ ആഘാതപഠനവും സംയുക്ത പരിശോധനയും ഇതിന്റെ ഭാഗമാണ്. കേരളത്തിലെ ഒരു വികസനപദ്ധതിക്ക് അനുമതി നിഷേധിച്ചെന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന ‘ആഹ്ലാദം’ മറച്ചുവയ്ക്കാൻ മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും തയ്യാറായില്ല എന്നത് എല്ലാവർക്കും ബോധ്യമായി.