തിരുവനന്തപുരം
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി കൂടിയാലോചനയ്ക്ക് നിൽക്കാതെ കെപിസിസി സെക്രട്ടറി പട്ടികയുമായി പ്രസിഡന്റ് കെ സുധാകരൻ ഹൈക്കമാൻഡിനു മുന്നിൽ. എല്ലാവരുമായും ചർച്ച നടത്തിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നടപടി. എന്നാൽ, ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് നേതാക്കൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഡിസിസി അഴിച്ചുപണി പട്ടിക അഞ്ചിനുമുമ്പ് നൽകണമെന്ന് ജില്ലാ ചുമതലയുള്ള ഭാരവാഹികൾക്ക് സുധാകരൻ അന്ത്യശാസനം നൽകി. തട്ടിക്കൂട്ട് പട്ടിക തയ്യാറാക്കാൻ ഡിസിസി പ്രസിഡന്റുമാരും ഭാരവാഹികളും ഓട്ടത്തിലാണ്. നേതാക്കളും ഗ്രൂപ്പും മുഖംതിരിഞ്ഞു നിൽക്കുന്നത് അവസരമാക്കി വേണ്ടപ്പെട്ടവരെ തിരുകുകയാണ് കെ സി വേണുഗോപാൽ– -സുധാകരൻ പക്ഷത്തിന്റെ നീക്കം. സംഘടനാ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം. അംഗത്വവിതരണത്തിനുള്ള ബുക്കും ഡിസിസിയിൽ എത്തിയിട്ടുണ്ട്.
ജനുവരി 15നുള്ളിൽ ഡിസിസി അഴിച്ചുപണി നടത്താനായിരുന്നു തീരുമാനം. എന്നാൽ, എതിർപ്പിനെത്തുടർന്ന് നടന്നില്ല. ഇതോടെ പുനഃസംഘടനയും വഴിമുട്ടി. പട്ടിക പത്തിനകം ലഭിക്കുമെന്നാണ് കെ സുധാകരന്റെ പ്രതീക്ഷ. രമേശ് ചെന്നിത്തലയ്ക്കെതിരെ മോശം പരാമർശം നടത്തിയത് വിവാദമായതോടെ കെപിസിസി ജനറൽ സെക്രട്ടറി പ്രതാപവർമ തമ്പാനെ ആലപ്പുഴയുടെ ചുമതലയിൽനിന്ന് നീക്കി. മര്യാപുരം ശ്രീകുമാറിനാണ് ചുമതല. തമ്പാനെതിരെ നടപടി ആവശ്യപ്പെട്ട് ചെന്നിത്തല സുധാകരന് കത്ത് നൽകിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഡൽഹിയിൽ എത്തിയിട്ടുണ്ട്.