തിരുവനന്തപുരം
മന്ത്രിയുടെ കാലാവധി അവസാനിപ്പിക്കുന്നതിന് ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം ലോകായുക്തയ്ക്ക് നൽകണമെന്ന വാദം യുക്തിക്ക് നിരക്കുന്നതല്ലെന്ന് സർക്കാർ ഗവർണർക്ക് വിശദീകരണം നൽകി. ഗവർണർ നിയമിച്ച മന്ത്രിക്കെതിരെ ‘നിങ്ങൾ എന്തുകൊണ്ടാണ് ആ സ്ഥാനത്ത് ഇരിക്കുന്നത്’ എന്ന് ചോദിക്കുന്ന ക്വോ വാറന്റോ നിലനിൽക്കുന്നതല്ലെന്നും വ്യക്തമാക്കി. മുൻ കോടതിവിധികൾ ഉൾപ്പെടുത്തിയാണ് സർക്കാർ വിശദീകരണം. ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസ് ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിലാണ് സർക്കാരിനോട് ഗവർണർ വിശദീകരണം തേടിയത്.
പൊതുപ്രവർത്തകന്റെ സ്ഥാനം ക്വോ വാറന്റോ പുറപ്പെടുവിച്ച് ഒഴിയാൻ ആവശ്യപ്പെടാൻ ഹൈക്കോടതിക്ക് അധികാരമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ വാദം നിലനിൽക്കില്ല. ഹൈക്കോടതിയുടെ അധികാരം ഭരണഘടനയുടെ ആർട്ടിക്കിൾ 226-ന് അനുസൃതമാണെങ്കിലും നിയമവ്യവസ്ഥയുടെ പ്രത്യാഘാതങ്ങൾ ഭരണഘടനയുടെ അന്തഃസത്തയ്ക്ക് എതിരാകുമ്പോൾ അംഗീകരിക്കാനാകില്ല. 1986ലെ കെ സി ചാണ്ടി–- ആർ ബാലകൃഷ്ണപിള്ള വിധിയിൽ കേരള ഹൈക്കോടതിയുടെ ഫുൾബെഞ്ച് ഈ നിലപാട് അംഗീകരിച്ചതാണന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ലോകായുക്ത നിയമത്തിന്റെ 14––ാം വകുപ്പിന്റെ ഭരണഘടനാ സാധുത സംബന്ധിച്ചും വിശദീകരണം നൽകി. 14––ാം വകുപ്പിന്റെ ഭരണഘടനാ സാധുത, കേരള ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ജുഡീഷ്യൽ അവലോകനത്തിന് വിഷയമായിട്ടില്ല. അത്തരമൊരു വ്യവസ്ഥ നിയമത്തിൽ എത്രകാലം നിലനിന്നു എന്നത് അതിന്റെ ഭരണഘടനാ സാധുത വിലയിരുത്തുന്നതിനുള്ള മാനദണ്ഡമല്ല. കേരള ലോകായുക്ത ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചത് പരിമിതമായ വിഷയത്തിന്റെ അടിസ്ഥാനത്തിലാണ്. നിർദിഷ്ട ഭേദഗതികളുടെ ലക്ഷ്യങ്ങളും കാരണങ്ങളും വിശദീകരിച്ചു. മുഖ്യമന്ത്രി സ്വന്തം കേസിൽ ജഡ്ജിയാകുന്നു എന്ന വാദം വസ്തുതാവിരുദ്ധവും യുക്തിശൂന്യവുമാണ്. മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനുമെതിരായ പരാതിയിൽനിന്ന് രക്ഷപ്പെടാനാണ് നിർദിഷ്ട ഭേദഗതിയെന്ന ആരോപണം ശരിയല്ലെന്നും ഇത്തരം വ്യവഹാരങ്ങളിൽ ആശങ്കയില്ലെന്നും സർക്കാർ വ്യക്തമാക്കി.