ന്യൂഡൽഹി
അർധ അതിവേഗ റെയിൽ പദ്ധതികളോടുള്ള കോൺഗ്രസ് നിലപാടിൽ തികഞ്ഞ അവ്യക്തത. ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിഷയത്തിൽ സ്വീകരിച്ചത് പരസ്പരവിരുദ്ധ സമീപനം. കോൺഗ്രസ് സിൽവർലൈൻ പദ്ധതിക്ക് എതിരല്ലെന്ന് സുധാകരൻ പറഞ്ഞപ്പോൾ വലിയ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്ന പദ്ധതിയോട് ഒരു കാരണവശാലും യോജിക്കില്ലെന്ന് വി ഡി സതീശൻ പറഞ്ഞു.
കേരളഹൗസിൽ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു സതീശന്റെ പ്രതികരണം. പദ്ധതി അശാസ്ത്രീയവും അപ്രായോഗികവുമാണ്. പരിസ്ഥിതിലോലമായ സംസ്ഥാനത്താണ് ഇത്രയേറെ പ്രകൃതിവിഭവങ്ങൾ ചെലവാക്കേണ്ട പദ്ധതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നത്. വന്ദേഭാരത് പദ്ധതി പ്രഖ്യാപിച്ചതോടെ രണ്ടര ലക്ഷം കോടിയുടെ സിൽവർലൈൻ പദ്ധതിയുടെ പ്രസക്തിതന്നെ നഷ്ടമായി–- സതീശൻ പറഞ്ഞു.
തൊട്ടുപിന്നാലെ മാധ്യമങ്ങളെകണ്ട സുധാകരൻ കോൺഗ്രസ് സിൽവർലൈൻ പദ്ധതിക്ക് എതിരല്ലെന്ന് പറഞ്ഞു. പദ്ധതിയുടെ എല്ലവശവും ജനങ്ങളെ ബോധ്യപ്പെടുത്തണം. ജനങ്ങളുടെ ആശങ്ക മാറ്റണം. നാടിന് ഗുണകരമാണെന്ന് സർക്കാർ ബോധ്യപ്പെടുത്തിയാൽ പിന്തുണയ്ക്കും. വിശദമായ ഡിപിആർ തയ്യാറാക്കണം.
സിൽവർലൈൻ പദ്ധതിയെ അന്ധമായി എതിർക്കേണ്ടതില്ലെന്ന നിലപാടെടുത്ത ശശി തരൂരിനെതിരെ നേരത്തേ സുധാകരനും സതീശനും അടക്കമുള്ള നേതാക്കൾ രംഗത്തുവന്നിരുന്നു. എന്നാൽ, തരൂരിനോട് ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്ന് സതീശൻ പറഞ്ഞു. രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയുമൊക്കെ കോൺഗ്രസ് സർക്കാരുകൾ ബുള്ളറ്റ് ട്രെയിൻ പദ്ധതികളെ അനുകൂലിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ അവിടെ സാഹചര്യം വ്യത്യസ്തമാണെന്ന് സതീശൻ പറഞ്ഞു.