ന്യൂഡൽഹി
പാർലമെന്റിൽ റെയിൽവേ മന്ത്രി നൽകിയ മറുപടി ദുർവ്യാഖ്യാനിച്ച് സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നിഷേധിച്ചതായി യുഡിഎഫ് എംപിമാരുടെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും വ്യാജപ്രചാരണം. ഡിപിആർ പരിഗണനയിലാണെന്നും അന്തിമാംഗീകാരം നൽകിയിട്ടില്ലെന്നുമാണ് ലോക്സഭയിൽ എൻ കെ പ്രേമചന്ദ്രന്റെയും കെ മുരളീധരന്റെയും ചോദ്യത്തിന് മറുപടിയായി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്.
‘കേന്ദ്ര അനുമതിയിൽത്തട്ടി കെ റെയിൽ വീഴുന്നു’ എന്ന് മുരളീധരനാണ് വ്യാജപ്രചാരണത്തിന് തുടക്കമിട്ടത്. ഡിപിആർ സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചതായും അവകാശപ്പെട്ടു. ഡിപിആർ തട്ടിക്കൂട്ടിയതാണെന്നും ജനവഞ്ചനയാണ് എൽഡിഎഫ് ചെയ്തതെന്നും മുരളീധരൻ തട്ടിവിട്ടു. ഇതോടെ മറ്റ് യുഡിഎഫ് എംപിമാരും ഒരു വിഭാഗം മാധ്യമങ്ങളും രംഗത്തുവന്നു.
ഡൽഹിയിലുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശനും സർക്കാരിനെതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങളുയർത്തി. ശാസ്ത്രീയ–- സാങ്കേതിക പഠനവും സാമ്പത്തിക പഠനവും നടത്താതെയാണ് ഡിപിആർ തയ്യാറാക്കിയതെന്ന് കുറ്റപ്പെടുത്തി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് മന്ത്രിയുടെ മറുപടിയെന്നും പറഞ്ഞു. പദ്ധതിക്ക് ഇനി അംഗീകാരം കിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു. ചോദ്യോത്തരവേളയിൽ എൻ കെ പ്രേമചന്ദ്രനും പദ്ധതിയെക്കുറിച്ച് അസത്യ പരാമർശങ്ങൾ നടത്തി. ഡിപിആർ അംഗീകരിക്കുന്നതിന് മുമ്പുതന്നെ സംസ്ഥാന സർക്കാർ ബലമായി ഭൂമി ഏറ്റെടുക്കുകയാണെന്നും ആയിരക്കണക്കിന് ആളുകളെ നിർബന്ധപൂർവം കുടിയൊഴിപ്പിക്കുന്നെന്നും പ്രേമചന്ദ്രൻ പറഞ്ഞു. സിൽവർലൈൻ പദ്ധതി തള്ളി പകരം ബജറ്റിൽ പ്രഖ്യാപിച്ച വന്ദേഭാരത് എക്സ്പ്രസുകളിൽ ഒന്ന് കേരളത്തിന് അനുവദിക്കുമോയെന്നും ചോദിച്ചു. വിഷയവുമായി ബന്ധമില്ലാത്ത ചോദ്യമാണെന്നും മറുപടി നൽകാനാകില്ലെന്നും റെയിൽവേ സഹമന്ത്രി റാവുസാഹെബ് ധാൻവെ മറുപടി നൽകി. കേരളത്തിലെ യുഡിഎഫ് എംപിമാർ ഒന്നടങ്കം ഇതോടെ മന്ത്രിക്കെതിരായി രംഗത്തുവന്നു. മന്ത്രി മറുപടി പറഞ്ഞേ തീരൂവെന്ന് എംപിമാർ വാശി പിടിച്ചു. എന്നാൽ, മറുപടി പറയണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മന്ത്രിക്കുണ്ടെന്നും നിർബന്ധപൂർവം മറുപടി പറയിക്കാമെന്ന് കരുതേണ്ടെന്നും സ്പീക്കർ ഓം ബിർള നിലപാടെടുത്തു.