ന്യൂഡൽഹി
സിൽവർലൈൻ പദ്ധതിയുടെ കേന്ദ്രാനുമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാർ തെറ്റിദ്ധാരണ പടർത്തുകയാണെന്ന് സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം പറഞ്ഞു. ലോക്സഭയിൽ റെയിൽ മന്ത്രി നൽകിയ മറുപടി ദുർവ്യാഖ്യാനം ചെയ്താണ് പ്രചാരണം. ഏതു പദ്ധതിയുടെ റിപ്പോർട്ടിലും കേന്ദ്രം കൂടുതൽ വിശദീകരണം തേടുക സ്വാഭാവികം. മുമ്പ് ഇടതുപക്ഷ എംപിമാരുടെ സംഘം സന്ദർശിച്ചപ്പോഴും മന്ത്രി പറഞ്ഞത് കേരളത്തോട് വിശദാംശം ചോദിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ചേ തീരുമാനമെടുക്കൂ എന്നുമാണ്. യുഡിഎഫ് എംപിമാർ സന്ദർശിച്ചപ്പോഴും ലോക്സഭയിലും മന്ത്രി ഇത് ആവർത്തിച്ചു.
സിൽവർലൈനിന് റെയിൽ മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയതനുസരിച്ച് കാര്യങ്ങൾ പുരോഗമിക്കുകയാണ്. അന്തിമാനുമതി നേടിയെടുക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു. അതിനായി കേന്ദ്രം ആവശ്യപ്പെട്ട വിശദാംശം സമർപ്പിക്കുമ്പോൾ പരമാവധി സമ്മർദം ചെലുത്തി സംസ്ഥാന താൽപ്പര്യം സംരക്ഷിക്കേണ്ടതിനു പകരം കേന്ദ്രാനുമതിയിൽത്തട്ടി സിൽവർലൈൻ തകരാൻ പോകുന്നുവെന്ന് പ്രചരിപ്പിക്കുകയാണ് യുഡിഎഫ് എംപിമാർ. രാഷ്ട്രീയപ്രേരിതമായി യുഡിഎഫ് എംപിമാർ കള്ളപ്രചാരണം നടത്തുകയാണ്–-എളമരം കരീം മാധ്യമങ്ങളോടു പറഞ്ഞു.