മോസ്കോ
റഷ്യയെ യുദ്ധത്തിലേക്ക് തള്ളിവിടുന്നതിനുള്ള ശ്രമങ്ങളാണ് അമേരിക്ക നടത്തുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമര് പുടിൻ. യുദ്ധഭീതി വിതച്ച് റഷ്യക്കുമേല് ഉപരോധം ഏര്പ്പെടുത്താനാണ് അമേരിക്കയുടെ ശ്രമമെന്നും പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ വിപുലീകരണത്തെക്കുറിച്ചുള്ള റഷ്യയുടെ ആശങ്കകൾ അമേരിക്ക അവഗണിച്ചെന്നും പുടിന് പറഞ്ഞു.
അമേരിക്കയുടെ ഉൽക്കണ്ഠ ഉക്രെയ്നിന്റെ സുരക്ഷയിലല്ല, റഷ്യയുടെ വികസനം തടയുകയാണ് പ്രധാന ദൗത്യം. ഉക്രെ യ്ൻ ഈ ലക്ഷ്യത്തിലെത്താനുള്ള ഒരു ഉപകരണം മാത്രമാണ്–- പുടിൻ പറഞ്ഞു. ഉക്രെയ്നുമായി ബന്ധപ്പെട്ട് വർധിച്ചുവരുന്ന പിരിമുറുക്കം ലഘൂകരിക്കുന്നതിന് പാശ്ചാത്യരാജ്യങ്ങളുമായി കൂടുതൽ ചർച്ചകൾക്ക് തയ്യാറാണെന്നും, റഷ്യയുടെ സുരക്ഷാ ആശങ്കകൾ ഉൾപ്പെടെ കണക്കിലെടുത്തുള്ള പരിഹാരത്തിന് തയ്യാറായാല് തർക്കം അവസാനിക്കുമെന്നും പുടിൻ പറഞ്ഞു.
ആഴ്ചകളായി നിലനിൽക്കുന്ന ഉക്രെയ്ൻ പ്രതിസന്ധിയിൽ ഇതാദ്യമായാണ് പുടിൻ പ്രതികരിക്കുന്നത്. വിഷയം ചര്ച്ച ചെയ്യാന് വിളിച്ച യുഎന് രക്ഷാ സമിതിയുടെ സമ്മേളനത്തിൽ ഇരു രാജ്യത്തിന്റെയും നയതന്ത്രപ്രതിനിധികൾ തമ്മിൽ വാഗ്വാദം ഉണ്ടായി.