ചേർത്തല
ചങ്ങലയിടാതെ വളർത്തിയ ഡാനിയെ അഴിയാത്ത സ്നേഹച്ചങ്ങലയിൽ ബന്ധിച്ച് അവർ യാത്രയാക്കി. ചിതയിൽ അവൻ എരിഞ്ഞടങ്ങുമ്പോൾ രമ പൈയുടെ മാത്രമല്ല, കുടുംബാംഗങ്ങളുടെയാകെ ദുഖം അണപൊട്ടി. പുതുതായി നിർമിക്കുന്ന വീടിനൊപ്പം, ചിതയൊരുക്കിയ സ്ഥലത്ത് ഡാനിക്ക് സ്മൃതിമണ്ഡപം ഉയരും. ഡാനി അവർക്ക് കേവലം വളർത്തുമൃഗമായിരുന്നില്ല, കുടുംബാംഗം തന്നെയായിരുന്നു. ആചാരപ്രകാരം എല്ലാം ചെയ്താണ് പ്രിയപ്പെട്ട വളർത്തുനായ ഡാനിക്ക് അവർ കണ്ണീരോടെ വിട നൽകിയത്.
മാടയ്ക്കൽ വാടകവീടായ ചങ്ങടംകരിയിൽ താമസിക്കുന്ന രമ പൈ–- വിനോദ് ദമ്പതികളെയും കുടുംബാംഗങ്ങളെയും വളർത്തുനായ ഡാനിയുടെ മരണം ഉറ്റവരുടെ വിയോഗം പോലെ ദുഖത്തിലാഴ്ത്തി. പുണെയിൽ ഉദ്യോഗസ്ഥരായിരുന്ന ഇവർ ഏഴ് മാസംമുമ്പാണ് ചേർത്തലയിലെത്തിയത്. ലാബ്രഡോർ ഇനത്തിൽപെട്ട ഡാനി 13 വർഷമായി ഒപ്പമുണ്ട്. വീട്ടകം തന്നെയായിരുന്നു അവന് കിടപ്പിടം.
ഒരാണ്ടോളമായി പ്രായാധിക്യത്തിന്റെ വിഷമതകൾ ഡാനിയെ തളർത്തി. മുഴുസമയം കിടക്കയിൽ തന്നെ. മുറിക്കുള്ളിൽ പ്രത്യേക കിടക്ക ഒരുക്കിയാണ് കിടത്തിയത്. കുടുംബാംഗത്തെ എന്നപോലെ അവർ പരിചരിച്ചു. സസ്യഭുക്കായിരുന്ന ഡാനിക്ക് ചീരക്കറിയായിരുന്നു ഇഷ്ടവിഭവം. കഴിഞ്ഞദിവസം രാത്രിയാണ് ജീവനറ്റത്. അന്ത്യനിമിഷങ്ങളിൽ കുടുംബാംഗങ്ങൾ ഭാഗവതം വായിച്ചു. വീട് നിർമിക്കാൻ വാങ്ങിയ സ്ഥലത്താണ് ആചാരത്തോടെ ചിതയൊരുക്കിയത്. ചന്ദനവും നെയ്യും രാമച്ചവും കർപ്പൂരവും പൂക്കളും ചിതയുടെ ഭാഗമായി. അയൽവാസികളായ സജീവനും വിനോദും ഉൾപ്പെടെ സഹായത്തിനെത്തി. രമയുടെയും വിനോദിന്റെയും മകൻ വരുൺ ചിതയ്ക്ക് തീകൊളുത്തി. വ്യാഴാഴ്ച അസ്ഥി ആലുവ പുഴയിൽ നിമഞ്ജനംചെയ്യും. 13–-ാം ദിനം തെരുവുനായകൾക്ക് കുടുംബം ഭക്ഷണം വിതരണംചെയ്യുമെന്ന് രമ പൈ പറഞ്ഞു.