തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണയുടെ വില വർധിപ്പിക്കില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ. ജനുവരി മാസത്തെ വിലയ്ക്കു തന്നെ സംസ്ഥാനത്തെ കാർഡുടമകൾക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് ആവശ്യമായ നിർദേശം പൊതുവിതരണ വകുപ്പ് ഡയറക്ടർക്ക് നൽകിയതായി മന്ത്രി അറിയിച്ചു. സാധാരണക്കാരായ ജനങ്ങൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്നതിനാലാണ് വില വർധന ഒഴിവാക്കിയത്.
നേരത്തെ മണ്ണെണ്ണ വില എണ്ണക്കമ്പനികൾ വർധിപ്പിച്ചിരുന്നു. ഒരു ലിറ്റർ മണ്ണെണ്ണക്ക് ആറ് രൂപയാണ് വർധിപ്പിച്ചത്. ഇതേടെ റേഷൻകട വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില 59 രൂപയായി ഉയർന്നു. ജനുവരി മാസം ലിറ്ററിന് 53 രൂപയായിരുന്നു മണ്ണെണ്ണയുടെ വില.
മാർച്ച് മാസം വരെയുള്ള മണ്ണെണ്ണ 47 രൂപ നിരക്കിലാണ് സംസ്ഥാനം വാങ്ങിയത്. അതിനാൽ തന്നെ ജനുവരി മാസത്തിലെ വിലയ്ക്ക് തന്നെ വിൽക്കാനാകും.