ന്യൂഡൽഹി: തട്ടിക്കൂട്ടിയ ഡി.പി.ആറാണ് കെ- റെയിലിനു വേണ്ടി സംസ്ഥാന സർക്കാർ തയ്യാറാക്കിയിരിക്കുന്നതെന്നും ഒരു പഠനവും നടത്താതെയുള്ള അബദ്ധ പഞ്ചാംഗമാണ് ഡിപിആറെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതിയുടെ സൂഷ്മ വിശദാംശങ്ങൾ പോലും ഉൾപ്പെടുന്നതാകണം ഡി.പി.ആർ എന്നാൽ പദ്ധതിയുടെ സാങ്കേതിക, ശാസ്ത്രീയ, സാമ്പത്തിക വശങ്ങളൊന്നും ഡി.പി.ആറിൽ ഇല്ല. ഇതാണ് കേന്ദ്ര സർക്കാർ പാർലമെന്റിലും വ്യക്തമാക്കിയത്. കെ- റെയിൽ അശാസ്ത്രീയവും അപ്രായോഗികവുമായ പദ്ധതിയാണെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയതാണെന്നും അദ്ദേഹം പറഞ്ഞു.
പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സർക്കാർ പറയുന്നത്. കെ റെയിൽ പോകുന്ന 202 കിലോമീറ്റർ ദൂരം കമ്പി വേലിയാണെന്ന് സർക്കാർ പറയുന്നു. എന്നാൽ ഇരു വശത്തും മതിലുകളാണെന്നും അവിടെ പരസ്യം നൽകണമെന്നുമാണ് ഡി.പി.ആറിൽ പറയുന്നത്. 328 കിലോ മീറ്റർ ദൂരം 30 മുതൽ 40 അടി വരെ ഉയരത്തിൽ എംബാങ്കമെന്റ് കെട്ടുമെന്നും പറയുന്നു. സിൽവർ ലൈൻ കൊറിഡോറായ മതിലു കെട്ടിയ ഈ ഭാഗം പ്രളയം വന്നാൽ എന്തു ചെയ്യുമെന്ന് ഡി.പി.ആറിൽ സംശയം ഉന്നയിക്കുന്നുണ്ട്.
പരിസ്ഥിതി ലോലമായ ഒരു സംസ്ഥാനത്താണ് ഇത്രയേറെ പ്രകൃതി വിഭവങ്ങൾ ചെലവാക്കേണ്ട പദ്ധതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നത്. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ മുഴുവൻ ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്. ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് എന്ന പേരല്ലാതെ കെ- റെയിൽ സംബന്ധിച്ച ഒരു വിശദാംശങ്ങളും ഡി.പി.ആറിൽ ഇല്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പദ്ധതിക്കു വേണ്ടി സ്ഥലം ഏറ്റെടുപ്പിലേക്ക് പോകാനുള്ള ഘട്ടമായിട്ടില്ല. എന്നാൽ സ്ഥലം ഏറ്റെടുക്കാനാണ് സർക്കാർ ആദ്യം താൽപര്യം പ്രകടിപ്പിച്ചത്. സ്ഥലം ഏറ്റെടുത്താലെ വായ്പ എടുക്കാനാകൂ. അവിടെയാണ് കമ്മീഷന്റെയും അഴിമതിയുടെയും സാധ്യതകളുള്ളത്. അതുകൊണ്ടാണ് അനാവശ്യമായ ധൃതി ഇക്കാര്യത്തിൽ സർക്കാർ കാട്ടിയത്. ഇപ്പോൾ നടത്തുന്ന സാമൂഹിക ആഘാത പഠനവും തട്ടിപ്പാണ്. സമൂഹിക ആഘാത പഠനത്തിന്റെ പേരിൽ വെറും വിവരശേഖരണം മാത്രമാണ് നടത്തുന്നത്. പ്രാഥമികമായി വേണ്ട ഒരു കാര്യവും ചെയ്യാതെ ലോൺ എടുക്കാനുള്ള ആവേശം മാത്രമാണ് സർക്കാർ കാട്ടിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തത്വത്തിൽ അംഗീകാരം കിട്ടിയെന്ന സർക്കാർ വാദവും തെറ്റാണ്. ഭാവിയിൽ അനുമതി കിട്ടുമെന്ന ഒരു ഉറപ്പും ഇല്ല. എന്താണ് പദ്ധതിയെന്നോ ചെലവെന്നോ അറിയാതെ എങ്ങനെയാണ് തത്വത്തിൽ അനുമതി ലഭിക്കുന്നത്? വി.ഡി.സതീശൻ ചോദിച്ചു. ഡി.പി.ആറിൽ കൃത്രിമ ഡാറ്റയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡാറ്റയിൽ ഇത്രയും കൃത്രിമത്വം കാട്ടിയ പദ്ധതി ഇന്ത്യയിൽ ഉണ്ടായിട്ടില്ല. അതാണ് കേന്ദ്ര സർക്കാർ ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്.
400 വന്ദേ ഭാരത് എക്സ്പ്രസുകൾ കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള സർക്കാർ സിൽവർ ലൈനിൽ നിന്നും പിൻമാറണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 160 മുതൽ 180 കിലോ മീറ്റർ സ്പീഡിലാണ് വന്ദേഭാരത് എക്സ്പ്രസുകൾ ഓടുന്നത്. ഈ ട്രെയിനുകൾ കേരളത്തിലും കൊണ്ടുവരണം. ഇതോടെ കെ-റെയിലിന്റെ പ്രസക്തി തന്നെ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ വിഷയത്തിൽ ശശി തരൂർ പാർട്ടി നിലപാടിനൊപ്പമാണ്. വ്യത്യസ്തമായ അഭിപ്രായം പറയുന്നത് തെറ്റല്ല. അന്ന് അദ്ദേഹം വിഷയം പഠിച്ചിരുന്നില്ല. പിന്നീട് അദ്ദേഹത്തെ കാര്യങ്ങൾ ബോധിപ്പിച്ചതായും പ്രതിപക്ഷ നേതാവ് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights:krail dpr is a false report without any study says opposition leader vd satheeshan