നമ്മുടെ നാട്ടിൽ ആദ്യമായി വരുന്ന സംരംഭം എന്ന നിലയ്ക്ക് അതിന്റെ എല്ലാ വശങ്ങളും പഠിച്ച് ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്തണം. പദ്ധതി നടപ്പാക്കരുതെന്ന് സർക്കാരിനോട് പറഞ്ഞിട്ടില്ല. ജനങ്ങളുടെ ആശങ്ക മാറ്റണം. സാമ്പത്തിക ചെലവ് സർക്കാരിന് താങ്ങാൻ സാധിക്കില്ല. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കോടതിയെ സമീപിക്കും. ഡിപിആറിന്റെ അഭാവം പദ്ധതിയിലുണ്ടെന്നും ധാർഷ്ട്യം ഒഴിവാക്കണമെന്നും സുധാകരൻ പറഞ്ഞു.
പദ്ധതികളുടെ എല്ലാ വശങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് സുധാകരൻ പറഞ്ഞു. ജനങ്ങളുടെ ആശങ്ക അകറ്റണം. ഭൂമി ഏറ്റെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടില്ല. ഇതുവരെ നടന്നത് നിയമവിരുദ്ധമാണെന്ന് സർക്കാർ സമ്മതിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
കേരളത്തിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈൻ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാൻ സാധിക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ഇന്ന് വ്യക്തമാക്കിയിരുന്നു. കേരളം നൽകിയ ഡിപിആർ പൂർണമല്ലെന്ന് വ്യക്തമാക്കിയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സാങ്കേതികമായും സാമ്പത്തികമായും പദ്ധതി പ്രാവർത്തികമാണോയെന്ന് കേരളം വ്യക്തമാക്കിയിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്. പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
കേരളത്തിൽ നിന്നുള്ള എംപിമാരായ എൻ കെ പ്രേമചന്ദ്രനും കെ മുരളീധരനും ലോക്സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവ്. ടെക്നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട് ഡിപിആറിൽ ഇല്ലെന്ന് മന്ത്രി പറഞ്ഞു. ഏറ്റെടുക്കേണ്ട റെയിൽവേ, സ്വകാര്യ ഭൂമി എന്നിവയുടെ കണക്ക് കാണിക്കണം. പരിസ്ഥിതി പഠനം നടത്തണം. ഇവയൊക്കെ പരിശോധിച്ചതിനു ശേഷം മാത്രമേ പദ്ധതിക്ക് അനുമതി നൽകാനാകൂ എന്ന് മന്ത്രി പറഞ്ഞു.