കോഴിക്കോട് > ഇ അഹമ്മദ് അനുസ്മരണത്തിന് മുസ്ലിലീഗ് ഗുലാംനബി ആസാദിനെ പങ്കെടുപ്പിച്ചതിൽ കോൺഗ്രസിന് അതൃപ്തി. കോൺഗ്രസിലെ രാഹുൽ വിരുദ്ധ കൂട്ടായ്മ ജി-23ന്റെ നേതാവായ ഗുലാംനബിയെ പങ്കെടുപ്പിച്ചത് മുന്നണി മര്യാദക്ക് യോജിച്ചതായില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്. മുൻ കെപിസിസി പ്രസിഡന്റുമാരടക്കം പ്രമുഖർ ലീഗിന്റെ സമീപനത്തിൽ അമർഷം പ്രകടിപ്പിക്കുന്നുണ്ട്. കോൺഗ്രസിന്റെ വികാരം ലീഗ് നേതൃത്വത്തെ അറിയിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ലീഗ് നേതൃത്വത്തിൽ കഴിഞ്ഞ ദിവസമായിരുന്നു അഹമ്മദ് അനുസ്മരണം. സാദിഖലി തങ്ങൾ, എം കെ മുനീർ എന്നിവരടക്കം പ്രമുഖർ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടകനായിരുന്നു ഗുലാംനബി. കോൺഗ്രസിന്റെ മറ്റൊരു നേതാവിനെയും അനുസ്മരണത്തിന് വിളിച്ചതുമില്ല. വയനാട് എംപികൂടിയായ രാഹുൽഗാന്ധിയെ വിളിക്കാമായിരുന്നില്ലേ എന്നതാണ് എതിർപ്പുയർത്തുന്ന കോൺഗ്രസ് നേതാക്കളുടെ ചോദ്യം. ഗുലാംനബിയെ ഓൺലൈനിൽ പങ്കടുപ്പിക്കാനെടുത്ത താൽപര്യം രാഹുലിനോടുണ്ടായില്ല എന്ന പരാതിയുമുണ്ട്.
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരെയെല്ലാം തഴഞ്ഞതിലും നീരസമുണ്ട്. അതേസമയം കോൺഗ്രസിന്റെ പ്രതിഷേധം കാര്യമാക്കേണ്ടെന്നാണ് ലീഗ് നിലപാട്.