കൊച്ചി > കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രവാസികളെ സമ്പൂർണ്ണമായി അവഗണിച്ചിരിക്കുകയാണെന്ന് കേരള പ്രവാസി സംഘം പ്രസ്താവനയിൽ പറഞ്ഞു. നാടിന്റെ സമ്പദ്ഘടനയുടെ ശക്തിസ്രോതസായ പ്രവാസി സമൂഹത്തെ ബജറ്റിൽ പരാമർശിക്കുക പോലും ചെയ്തില്ല. പ്രവാസികൾ ഒട്ടേറെ പ്രശ്നങ്ങളെ നേരിടുകയാണ്. ബജറ്റിൽ അവക്കൊന്നും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നത് പോയിട്ട് മേഖലയെ സഹാനുഭൂതിയോടെ കാണുന്നു പോലുമില്ല.
തിരിച്ചു വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾക്ക് യാതൊരു സഹായവും കേന്ദ്രം അനുവദിക്കുന്നില്ല. കേന്ദ്ര സർക്കാരിന്റെ ഈ നിലപാടിൽ കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി പ്രതിഷേധിക്കുന്നതായി കേരള പ്രവാസി സംഘം പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദ്, ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.