ന്യൂഡൽഹി > സിൽവർലൈൻ പദ്ധതിയ്ക്കായി കെ-റെയിൽ സമർപ്പിച്ച വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) പരിഗണനയിലാണെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. തിരുവനന്തപുരം മുതൽ കാസർകോഡ് വരെ 530.6 കി.മീ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയ്ക്കുള്ള ഡിപിആറാണ് സമർപ്പിച്ചിട്ടുള്ളത്. 63941 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ സാങ്കേതിക-സാമ്പത്തിക സാധ്യത കൂടി പരിശോധിച്ച ശേഷമാകും പദ്ധതി കൂടുതലായി പരിഗണിക്കുക.
കേരള സർക്കാർ അംഗീകരിച്ച ഡിപിആർ നിലവിൽ റെയിൽ മന്ത്രാലയം പരിശോധിച്ച് വരികയാണ്. പദ്ധതിക്ക് അന്തിമാംഗീകാരം ആയിട്ടില്ല. സാങ്കേതിക-സാമ്പത്തിക വശങ്ങൾ കൂടി പരിഗണിച്ചാകും അന്തിമാംഗീകാരം. സാങ്കേതിക സാധ്യതയുടെ ആവശ്യമായ വിവരങ്ങൾ ഡിപിആറിൽ ലഭ്യമായിട്ടില്ല. അലൈൻമെന്റ് പ്ലാൻ, ഏറ്റെടുക്കേണ്ടി വരുന്ന റെയിൽവെ ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങൾ, നിലവിലെ റെയിൽ ശ്രംഖലയ്ക്ക് മുകളിലൂടെയുള്ള ക്രോസിങുകൾ, പദ്ധതിയാൽ ബാധിക്കപ്പെടുന്ന റെയിൽവെയുടെ സ്വത്തുവകകൾ എന്നിവ ഉൾപ്പെടുത്തിയുള്ള വിശദമായ സാങ്കേതിക രേഖകൾ എന്നിവ സമർപ്പിക്കാൻ കെ-റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ചാകും പദ്ധതിയുടെ സാധ്യതയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തുക. സാങ്കേതിക വിശദാംശങ്ങളുടെ കാര്യത്തിൽ തീരുമാനത്തിലെത്തിയ ശേഷം സാമ്പത്തിക സാധ്യത പരിശോധിച്ച് കൃത്യമായ നിലപാടിലെത്തും.
പദ്ധതിയ്ക്കെതിരായ പ്രതിഷേധങ്ങൾ ശ്രദ്ധയിൽ വന്നിട്ടുണ്ട്. സാമൂഹികാഘാത പഠനത്തിനായി കേരള സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങളെ പദ്ധതി ഏതെല്ലാം വിധം ബാധിക്കുമെന്നത് സാമൂഹികാഘാത പഠനത്തിലൂടെ കണ്ടെത്താനാകും. പദ്ധതിക്ക് ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. സാങ്കേതിക-സാമ്പത്തിക സാധ്യതകളെ കൂടി ആശ്രയിച്ചായിരിക്കും പദ്ധതിയുടെ അന്തിമമായ പരിഗണന- ചോദ്യോത്തരവേളയിൽ എൻ കെ പ്രേമചന്ദ്രന്റെയും കെ മുരളീധരന്റെയും ചോദ്യത്തിന് മറുപടിയായി മന്ത്രി രേഖാമൂലം അറിയിച്ചു.