കൊച്ചി> ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്ട്ട് നടപ്പാക്കണമെന്ന് സർക്കാരിന് നിർദ്ദേശം നൽകാനാവില്ലെന്ന് ഹൈക്കോടതി. ഇത് സർക്കാരിൻ്റെ വിവേചനാധികാരമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് പറഞ്ഞു. പീഡന പരാതികള് പരിഗണിക്കുന്നതിനു ജില്ലാ തലങ്ങളിലായി 258 നോഡല് ഓഫീസര്മാരെ നിയമിച്ചിട്ടുണ്ടെന്ന് സര്ക്കാര് കോടതിയെ അറിയിച്ചു.
ജോലി സ്ഥലത്ത് സ്ത്രികൾക്കെതിരായ ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കന്നതിന് 14 ജില്ലകളിലും സമിതികളെ നിയോഗിച്ചതായി സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി എൻ മനോജ് കുമാർ ബോധിപ്പിച്ചു. സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്ട്ട് നടപ്പാക്കണമെന്നും കമ്മിഷനു സാക്ഷികള് നല്കിയ മൊഴിയില് പറയുന്നവര്ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ‘ദിശ’ എന്ന സന്നദ്ധ സംഘടന സമര്പ്പിച്ച ഹര്ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.
സിനിമ മേഖലയിലെ തൊഴിലാളികളുടെ സേവന വേതന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾ നിയമപരമല്ലെന്ന ഹർജിക്കാരുടെ ആരോപണത്തിൽ വിശദികരണം നൽകാൻ കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.