ബംഗളൂരു > പൂജയും ഹോമവുമായി കർണാടകയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ അധികാരമേൽക്കൽ. പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ സ്ഥാനമേൽക്കൽ ചടങ്ങിലാണ് പൂജ സംഘടിപ്പിച്ചത്. കോൺഗ്രസ് ഓഫീസിൽ വച്ചുതന്നെയായിരുന്നു ചടങ്ങ്. പൂജയ്ക്ക് ശേഷം പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ, കോൺഗ്രസ് ക്യാമ്പയ്ൻ കമ്മിറ്റി ചെയർമാൻ എം ബി പാട്ടീൽ എന്നിവരെയും മുഹമ്മദ് ഹാരിസ് സന്ദർശിച്ചു.
ബിജെപിയെ തോൽപ്പിക്കുന്ന പ്രീണിപ്പിക്കൽ ആണോ കോൺഗ്രസിന്റെ ഉദ്ദേശം എന്നാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്ന വിമർശനം. ബിജെപി ഭരണമുള്ള കർണാടകയിൽ കോൺഗ്രസിന്റെ രീതിയിൽ നിരന്തരം വിമർശിക്കപ്പെടുമ്പോഴാണ് പുതിയ വിവാദം. കാസർകോട് സ്വദേശിയും ബംഗളൂരു ശാന്തിനഗർ എംഎൽഎ എൻ എ ഹാരിസിന്റെ മകനുമാണ് മുഹമ്മദ് ഹാരിസ്.