മൂന്ന് വര്‍ഷത്തിനിടെ 400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ പുറത്തിറക്കുമെന്നാണ് പ്രഖ്യാപനം. ഇതിനോടകം തന്നെ രാജ്യത്ത് 44 വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മാണഘട്ടത്തിലാണ്. 2023നുള്ളിൽ 75 റൂട്ടുകളിൽ വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെയാണോ പുതിയ 400 ട്രെയിനുകള്‍ എന്ന് വ്യക്തമല്ല. ഇത്രയധികം ട്രെയിനുകള്‍ ട്രാക്കിലെത്തുന്നതോടെ കേരളത്തിലേയ്ക്കുള്ള റൂട്ടുകളിലും വന്ദേ ഭാര്ത ട്രെയിനുകള്‍ ഇടം പിടിച്ചേക്കുമെന്നും അങ്ങനെ സംഭവിച്ചാൽ സിൽവര്‍ലൈൻ പദ്ധതി തന്നെ അപ്രസക്തമാകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.
എന്താണ് വന്ദേ ഭാരത് ട്രെയിനുകള്‍?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആധുനിന ട്രെയിനുകളാണ് വന്ദേ ഭാരത് എന്നറിയപ്പെടുന്നത്. നിലവിൽ കണ്ടു വരുന്ന ട്രെയിനുകളിൽ നിന്ന് രൂപത്തിലും സാങ്കേതികവിദ്യയിലും സൗകര്യങ്ങളിലും വലിയ വ്യത്യാസങ്ങളാണ് വന്ദേ ഭാരതിനുള്ളത്. അലുമിനിയത്തിൽ നിര്‍മിക്കുന്ന കോച്ചുകള്‍ പൂര്‍ണമായും ശീതീകരിച്ചവയായിരിക്കും. മെട്രോ ട്രെയിനുകള്‍ക്ക് സമാനമായി കോച്ചുകൾക്ക് അടിയിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടറുകളാണ് വണ്ടിയെ ചലിപ്പിക്കുന്നത്. എസി ചെയര്‍ കാര്‍ സീറ്റിങ് സംവിധാനമുള്ള ട്രെയിനിൽ വിദേശരാജ്യങ്ങളില സെമി ഹൈസ്പീഡ് ട്രെയിനുകളിൽ കാണുന്ന ഒട്ടുമിക്ക സൗകര്യങ്ങളുമുണ്ട്.
രാജ്യത്തെ പ്രധാന റെയിൽവേ റൂട്ടുകളിലെല്ലാം 160 കിലോമീറ്റര്‍ വേഗതയിൽ യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യമാണ് കേന്ദ്രത്തിനുള്ളത്. ഇതിൻ്റെ ഭാഗമാണ് പരമാവധി 180 കിലോമീറ്റര്‍ ഡിസൈൻ വേഗതയുള്ള വന്ദേ ഭാരത് എക്സ്പ്രസുകളും.
സിൽവര്‍ലൈൻ എന്തുകൊണ്ട്?
കേരളത്തിലെ റെയിൽവേ വികസനത്തിലെ മെല്ലെപ്പോക്കും അതിവേഗ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തയുമാണ് സിൽവര്‍ലൈൻ എന്ന ഗ്രീൻഫീൽഡ് റെയിൽവേ പദ്ധതിയുമായി മുന്നോട്ടു പോകാൻ കേരളത്തെ പ്രേരിപ്പിക്കുന്നത്. കാസര്‍കോട് മുതൽ തിരുവനന്തപുരം വരെ നാലു മണിക്കൂര്‍ കൊണ്ട് പിന്നിടാവുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന ബ്രോഡ് ഗേജിനു പകരം ആഗോളതലത്തിൽ ഉപയോഗിക്കുന്ന സ്റ്റാൻഡേഡ് ഗേജാണ് സിൽവര്‍ ലൈനിനുള്ളത്. ഇന്ത്യൻ റെയിൽവേ ട്രാക്കുമായി പലയിടത്തും സമാന്തരമാണെങ്കിലും പൂര്‍ണമായും പുതിയ പാത വേണ്ടിവരുമെന്നതാണ് ചെലവ് കണ്ടമാനം വര്‍ധിപ്പിക്കുന്നത്. ഒരു ജില്ലയിൽ ഒരു സ്റ്റേഷൻ എന്ന രീതിയിലാണ് ക്രമീകരണം.
കേരളത്തിന് എന്തു കിട്ടും
നാനൂറോളം വന്ദേ ഭാരത് ട്രെയിനുകള്‍ ട്രാക്കിലിറക്കുമെന്നു കേന്ദ്രം പറയുമ്പോഴും കേരളത്തിന് ഇതിൽ എത്രയെണ്ണം കിട്ടുമെന്ന് ഇതുവരെ വ്യക്തമല്ല. റെയിൽവേ ഡ്രാഫ്റ്റ് പോളിസി പ്രകാരം ഗോള്‍ഡൻ ക്വാഡ്രലാറ്ററൽ, ഗോള്‍ഡൻ ഡയഗണൽ റൂട്ടുകളിൽ ട്രെയിൻ സെറ്റുകള്‍ ഓടിത്തുടങ്ങുമെന്നാണ് റെയിൽവേയുടെ ഡ്രാഫ്റ്റ് പോളിസി പറയുന്നത്. ഇതിൽ കേരളമില്ല. കൂടാതെ ട്രാക്ക് ഇരട്ടിപ്പിക്കലിലെ മെല്ലെപ്പോക്ക് അടക്കം തുടരുന്ന സാഹചര്യത്തിൽ വേഗതയേറിയ ട്രെയിനുകള്‍ കിട്ടിയാലും കേരളത്തിലെ പാതകളിൽ വേഗമുണ്ടാകില്ല. ആധുനിക സിഗ്നലിങ് സംവിധാനത്തിൻ്റെ അഭാവവും മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും പാതകളിലെ വലിയ വളവുകളും തിരിച്ചടിയാണ്. സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്താനും പാതയിലെ വളവുകള്‍ നികത്താനും തന്നെ ശതകോടികള്‍ വേണ്ടി വരും. ചുരുക്കത്തിൽ കേരളത്തിലെ ട്രെയിനുകളുടെ വേഗം കുറയ്ക്കുന്നത് നിലവിലെ ട്രെയിനുകള്‍ക്ക് വേഗമില്ലാത്തതല്ല, വേഗതയാര്‍ജിക്കാനുള്ള പാത ഇല്ലാത്തതാണ്.
Also Read:
കേരളത്തിൽ മാത്രമല്ല, വേഗമേറിയ പാതകള്‍ ഇല്ലാത്തത് ഇന്ത്യൻ റെയിൽവേയ്ക്ക് എല്ലായിടത്തും തലവേദനയാണ്. 160 കിലോമീറ്റര്‍ വേഗതയാര്‍ജിക്കാൻ പറ്റുന്ന പാതകള്‍ ഡൽഹി – ആഗ്ര റൂട്ടിൽ മാത്രമാണുള്ളതെന്നും മികച്ച പാതകളുണ്ടെങ്കിൽ വന്ദേ ഭാരത് ട്രെയിനുകള്‍ ഇതിലും വേഗത്തിലോടുമെന്നുമാണ് ഈ ട്രെയിനുകള്‍ വികസിപ്പിച്ച ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്ടറി മുൻ ജനറൽ മാനേജര്‍ സുധാംശു മണി പറയുന്നത്. ഈ സാഹചര്യത്തിൽ വന്ദേ ഭാരത് ട്രെയിനുകള്‍ കേരളത്തിലേയ്ക്ക ഉടൻ വരാനുള്ള സാധ്യത തീരെ കുറവാണ്.
Also Read:
സിൽവര്‍ ലൈനിൽ പുതിയ പാത
നിലവിലെ പാതയുടെ കുറവുകള്‍ നികത്തി വളവുകള്‍ കുറച്ച് പുതിയ പാത നിര്‍മിക്കുകയാണ് സിൽവര്‍ലൈൻ പദ്ധതിയുടെ പ്രധാനഘടകം. പൂര്‍ണമായും വൈദ്യുതീകരിച്ച ആധുനിക സിഗ്നലിങ് സംവിധാനത്തോടു കൂടിയ ഇരട്ടപ്പാത വരുന്നതോടെ സെമി ഹൈസ്പീഡ് ട്രെയിനുകള്‍ക്ക് വേഗമാര്‍ജിക്കാനാകും. എന്നാൽ ഇതിൻ്റെ ഭാരിച്ച സാമ്പത്തികച്ചെലവാണ് നിലവിലെ ചര്‍ച്ചാവിഷയം.