തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയിൽ നിലപാട് മാറ്റവുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. വന്ദേഭാരത് ട്രെയിനുകൾ കെ-റെയിലിന് ബദലാകുമോ എന്നത് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മൂന്നുവർഷംകൊണ്ട് 400 അതിവേഗ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികൾ പുറത്തിറക്കുമെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് തരൂർ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കെ-റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ചതിന് തരൂരിനെതിരെ നേരത്തെ കോൺഗ്രസ് നടപടിക്കൊരുങ്ങിയിരുന്നു. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അടക്കമുള്ള നേതാക്കൾ രൂക്ഷ വിമർശനമാണ് തരൂരിനെതിരെ ഉയർത്തിയിരുന്നത്. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ തരൂരിനെതിരെ നടപടി എടുക്കാൻ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെ-റെയിൽ പുനഃപരിശോധിക്കണമെന്ന നിലപാടിലേക്ക് തരൂർ എത്തിചേർന്നിരിക്കുന്നത്. വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതിയിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഇന്ന് അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിൽ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഈ പദ്ധതി ഇപ്പോൾ കേരളത്തിൽ പ്രഖ്യാപിച്ചിട്ടുള്ള കെ-റെയിൽ സിൽവർലൈൻ പദ്ധതിയെക്കാൾ ചെലവ് കുറഞ്ഞതും ഊർജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ് തരൂർ ഫെയ്സ്ബുക്കിൽ കുറിച്ചു.
വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കിൽ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സർക്കാരിന്റെ ആവശ്യകതക്കും അതേ സമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കൽ, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകൾക്കുള്ള പരിഹാരവുമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.