തിരുവനന്തപുരം
ഒമിക്രോൺ സാഹചര്യത്തിൽ ആശുപത്രികൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്. സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ പ്രത്യേക കോവിഡ് വാർഡ് സജ്ജീകരിക്കണം. വിവിധ സ്പെഷ്യാലിറ്റികളിൽ പ്രവേശിപ്പിച്ച രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ഇവിടെ എത്തിച്ച് ചികിത്സ നൽകണം. ഓരോ വിഭാഗവും രോഗികൾക്ക് കോവിഡ് ബാധിച്ചാൽ പരിചരിക്കാൻ പ്രത്യേക കിടക്കകൾ നീക്കിവയ്ക്കണം. അടിയന്തര ചികിത്സ ആവശ്യമെങ്കിൽ കോവിഡ് ഐസിയുവിലേക്ക് മാറ്റാം. ആരോഗ്യപ്രവർത്തകർ എൻ 95 മാസ്ക്, ഫേസ് ഷീൽഡ്, സർജിക്കൽ ഗൗൺ എന്നിവ ധരിക്കണം. അതീവ ഗുരുതരവിഭാഗങ്ങളിലെ ചികിത്സയ്ക്കുമാത്രം പിപിഇ കിറ്റ് ഉപയോഗിച്ചാൽ മതി. ആശുപത്രിയിലെത്തുന്നവർക്ക് ലക്ഷണങ്ങളുണ്ടെങ്കിൽമാത്രം കോവിഡ് പരിശോധന നടത്തിയാൽ മതി. തുടർചികിത്സയ്ക്ക് അനിവാര്യമാണെന്ന് ഡോക്ടർ നിർദേശിച്ചാലും പരിശോധിക്കാം. എല്ലാ ആശുപത്രികളിലും കോവിഡ് ലക്ഷണങ്ങളുമായി വരുന്നവരെ ചികിത്സിക്കാൻ പ്രത്യേക ഇടം സജ്ജീകരിക്കണം.
ഒപിയിലും അത്യാഹിത വിഭാഗത്തിലും ഓരോ പ്രവേശനമാർഗം മാത്രമേ പാടുള്ളൂ. സൗകര്യങ്ങളുള്ള ആശുപത്രികളിൽ ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കും. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഡയാലിസിസ് രോഗികൾക്ക് കോവിഡ് ബാധിച്ചാൽ ഡയാലിസിസ് മുടക്കരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു.
കിടപ്പ് രോഗികൾക്ക് വീട്ടിൽ ചികിത്സ
ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ കിടപ്പുരോഗികൾക്ക് ശാസ്ത്രീയ പരിചരണം ഉറപ്പാക്കാൻ മാർഗനിർദേശം പുറത്തിറക്കി. ആരോഗ്യമന്ത്രി വീണാ ജോർജ് വിളിച്ചുചേർത്ത സന്നദ്ധ സംഘടനകളുടെയും പ്രവർത്തകരുടെയും യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മാർഗനിർദേശം. സന്നദ്ധപ്രവർത്തകരും സംഘടനകളും മാർഗനിർദേശം പാലിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.
സന്നദ്ധപ്രവർത്തകർ പ്രദേശത്തെ കിടപ്പിലായതും പുറത്തിറങ്ങാൻ കഴിയാത്തതുമായ രോഗികളുള്ള വീടുമായി നിരന്തര ബന്ധം പുലർത്തണം. ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ളവർക്ക് തദ്ദേശ സ്ഥാപനവും സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ട് എത്തിക്കണം. തുടർച്ചയായി കഴിക്കുന്ന മരുന്നുകൾ ആശുപത്രികളും പാലിയേറ്റീവ് യൂണിറ്റുകളുമായി ബന്ധപ്പെട്ട് ഉറപ്പാക്കണം. എല്ലാ പാലിയേറ്റീവ് കെയർ രോഗികൾക്കും വാക്സിൻ ഉറപ്പാക്കണം.
രോഗികൾക്ക് പനി, തൊണ്ടവേദന, ജലദോഷം എന്നിവയുണ്ടായാൽ ആശമാരെയോ ആരോഗ്യ പ്രവർത്തകരെയോ അറിയിക്കണം. ഡോക്ടർമാരുടെയും നഴ്സുമാരുടെയും നേതൃത്വത്തിൽ വീടുകളിൽ ചെന്ന് പരിചരണം നൽകുന്ന യൂണിറ്റുകൾ, ഹോം കെയർ എണ്ണം വർധിപ്പിക്കാൻ ശ്രമിക്കണം. ഹോം കെയറിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകണം. സേവനം ആവശ്യമുള്ളവരുടെ ലിസ്റ്റ് സന്നദ്ധ സംഘടനകൾക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽനിന്ന് സ്വീകരിക്കാം. കോവിഡ് മാനദണ്ഡം പാലിച്ചുവേണം ഹോം കെയർ നടത്താൻ.
കോവിഡ് ലക്ഷണമുള്ളവർക്കുള്ള പരിശോധനയും ചികിത്സയും സംബന്ധിക്കുന്ന നിർദേശം ഡോക്ടർമാരെ ഫോൺ വഴി ബന്ധപ്പെട്ടോ ഇ സഞ്ജീവനി വഴിയോ സ്വീകരിക്കണം. രോഗിയുടെ അവസ്ഥയനുസരിച്ച് വീട്ടിൽ നൽകാനാകുന്ന ചികിത്സ വീട്ടുകാരുടെ സമ്മതത്തോടെ നൽകാം. ക്യാൻസർ, ഡയാലിസിസ് രോഗികളുടെ ചികിത്സ മുടങ്ങാതിരിക്കാൻ ജില്ലാ അധികാരികളുമായി ബന്ധപ്പെട്ട് വേണ്ടഇടപെടൽ നടത്തണമെന്നും നിർദേശിച്ചു.