കൊച്ചി
പെട്രോളിയം ഉൽപ്പന്നങ്ങൾക്കുള്ള സബ്സിഡി വിഹിതം കേന്ദ്ര ബജറ്റിൽ വെട്ടിക്കുറച്ചത് മത്സ്യമേഖലയ്ക്ക് ഇരുട്ടടിയാകും. 5813 കോടി രൂപയാണ് ഇത്തവണ വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞതവണ 6517 കോടിയായിരുന്നു. പാചകവാതകം, മണ്ണെണ്ണ എന്നിവയ്ക്കാണ് സബ്സിഡി ലഭ്യമായിരുന്നത്. പാചകവാതകത്തിനുള്ളത് പൂർണമായും നിർത്തി. മണ്ണെണ്ണയ്ക്കുള്ള തുകകൂടി ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഇത് റേഷൻകടകൾവഴി മണ്ണെണ്ണ വാങ്ങുന്ന സാധാരണക്കാർക്കും തിരിച്ചടിയാകും.
2020–-21 ബജറ്റിൽ 40,915 കോടി രൂപയായിരുന്നു പെട്രോളിയം സബ്സിഡിയിനത്തിൽ വകയിരുത്തിയത്. പുതുക്കിയ എസ്റ്റിമേറ്റിൽ 38,790 കോടിയായി വെട്ടിക്കുറച്ചു. 2021–-22ൽ സബ്സിഡി 12,995 കോടിയായിരുന്നത് പുതുക്കിയ എസ്റ്റിമേറ്റിൽ നേർപകുതിയോളം വെട്ടി 6517 കോടിയാക്കി. ഇത്തവണ വകയിരുത്തിയിരിക്കുന്നതും കുറയ്ക്കാൻ സാധ്യതയുണ്ട്.
സബ്സിഡി കുറയ്ക്കുന്നത് ബാധിക്കുക മത്സ്യമേഖലയെയാണ്. നിലവിൽ സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന മണ്ണെണ്ണയുടെ അളവ് വളരെയധികം കുറഞ്ഞു. 2015ൽ മണ്ണെണ്ണ പെർമിറ്റ് പുതുക്കിനൽകിയപ്പോൾ സംസ്ഥാനത്താകെ 15,278 ഇൻബോർഡ് എൻജിനുകൾക്കുമാത്രമാണ് നൽകിയത്. വർഷംതോറും 2000 മുതൽ 2500 വരെയാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്ന പുതിയ എൻജിനുകൾ. ഇതിനെല്ലാം മണ്ണെണ്ണ വേണമെങ്കിൽ കേരളത്തിന് കുറഞ്ഞത് 55,000 കിലോലിറ്റർ മണ്ണെണ്ണ വേണം. എന്നാൽ, കിട്ടുന്നത് 12,000 കിലോലിറ്റർ. മണ്ണെണ്ണയുടെ വില ലിറ്ററിന് 45ൽനിന്ന് 93 രൂപയാക്കിയതും മത്സ്യത്തൊഴിലാളികളെ വീർപ്പുമുട്ടിക്കുന്നു.