ന്യൂഡൽഹി
പൊതുബജറ്റിൽ ഇക്കുറിയും കേരളത്തിന് നിരാശ മാത്രം. എയിംസ് അടക്കം ദീർഘനാളായുള്ള ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല. പ്രളയ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് 450 കോടി രൂപ നീക്കിവച്ചു. പുനർനിർമാണത്തിന്റെ ഒന്നാംഘട്ടത്തിനായി 200ഉം രണ്ടാംഘട്ടത്തിനായി 250ഉം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കൊച്ചി മെട്രോയ്ക്ക് ഒന്നുമില്ല. കഴിഞ്ഞ ബജറ്റിൽ മെട്രോ രണ്ടാംഘട്ടത്തിനായി 1957.05 കോടി രൂപ പ്രഖ്യാപിച്ചിരുന്നു.
റബർ ബോർഡിനുള്ള വിഹിതത്തിൽ നേരിയ വർധനയുണ്ട്. പുതുക്കിയ കണക്കുകൾ പ്രകാരം നടപ്പുവർഷം 264 കോടി രൂപയാണ് ബോർഡിന് അനുവദിച്ചത്. അടുത്ത വർഷത്തേക്ക് 268.76 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ ടീ ബോർഡിനുള്ള വിഹിതം ഗണ്യമായി കുറച്ചു. 353.65 കോടി രൂപ അനുവദിച്ചയിടത്ത് ഇക്കുറി 131.92 കോടി രൂപ മാത്രം. കോഫി ബോർഡിനുള്ള വിഹിതം 188.41 കോടി രൂപയിൽനിന്ന് 226.21 കോടി രൂപയാക്കി. സ്പൈസസ് ബോർഡിന്റെ വിഹിതം 115.5 കോടി രൂപയായി നിലനിർത്തി. കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗൺസിലിന് ഇക്കുറിയും തുകയൊന്നുമില്ല. കാർഷിക വിളകൾക്കുള്ള വിലസ്ഥിരതാ നിധി 2250 കോടി രൂപയിൽനിന്ന് 1500 കോടി രൂപയായികുറച്ചു.
കേരളത്തിന്
നികുതിവിഹിതം
15,720.5 കോടി
അടുത്ത സാമ്പത്തികവർഷം കേന്ദ്ര നികുതി വിഹിതമായി കേരളത്തിന് കിട്ടുക 15,720.5 കോടി രൂപ. ആകെ കേന്ദ്രനികുതിയുടെ 1.925 ശതമാനം മാത്രമാണിത്. പുതുക്കിയ കണക്കുകൾ പ്രകാരം നടപ്പുവർഷം കേരളത്തിന് കേന്ദ്രവിഹിതമായി ലഭിക്കുക 13,943.91 കോടി രൂപയാണ്. അടുത്ത വർഷം 2000 കോടി രൂപയ്ക്കടുത്ത് കേന്ദ്ര നികുതിയിൽ വർധനയുണ്ടാകും.
കേന്ദ്ര ജിഎസ്ടി വിഹിതമായി 5161.85 കോടി രൂപയും വരുമാനനികുതി വിഹിതമായി 4740.61 കോടി രൂപയും കോർപറേഷൻ നികുതി ഇനത്തിൽ 4908.54 കോടി രൂപയും എക്സൈസ് തീരുവയിനത്തിൽ 212.31 കോടി രൂപയും സേവന നികുതി ഇനത്തിൽ 15.78 കോടിയും കസ്റ്റംസ് തീരുവയിനത്തിൽ 681.59 കോടി രൂപയുമാണ് അടുത്ത സാമ്പത്തികവർഷം കേരളത്തിന് ലഭിക്കുക. എല്ലാ സംസ്ഥാനങ്ങൾക്കുമായി 8,16,649.49 കോടി രൂപ കേന്ദ്ര നികുതി വിഹിതമായി ലഭിക്കും.
കേരളത്തിലെ വിവിധ കേന്ദ്ര സ്ഥാപനങ്ങൾക്ക്
നീക്കിവച്ച തുക: (2021–- -22ലെ വിഹിതം ബ്രായ്ക്കറ്റിൽ)
– ● കൊച്ചി കപ്പൽശാല : 400 കോടി (400 കോടി)
– ● കൊച്ചിൻ പോർട്ട് ട്രസ്റ്റ് : 23.88 കോടി (33.07 കോടി)
● തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി: – 112.50 കോടി (106 കോടി)
● തിരുവനന്തപുരം നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്: 10.60 കോടി (16 കോടി)
● ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി: – 315 കോടി (335 കോടി)
● വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി: 115 കോടി (112 കോടി)
● കൊച്ചി സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി : 116കോടി (110 കോടി)
● തിരുവനന്തപുരം സി-ഡാക് ഉൾപ്പെടെയുള്ളവയ്ക്ക് 250 കോടി