തിരുവനന്തപുരം
കേരളത്തിന് ആശ്വാസം പകരുന്ന ഒന്നും ബജറ്റിലില്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. നാണ്യവിളകളെ പൂർണമായും അവഗണിച്ചു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നിർദേശങ്ങൾ തള്ളിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചു വർഷംകൂടി നീട്ടണമെന്ന ആവശ്യം പരിഗണിക്കാത്തത് സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കും. സഹകരണമേഖലയും കോർപറേറ്റ് മേഖലയും തുല്യമാണെന്ന കേന്ദ്ര ധനമന്ത്രിയുടെ വാദം വിചിത്രമാണ്.
കോർപറേറ്റുകളോടുള്ള വിധേയത്വമാണ് ഇതിനു പിന്നിലെന്ന് വ്യക്തം. നേരത്തേ നികുതിയില്ലാതിരുന്ന സഹകരണമേഖലയ്ക്ക് നികുതി ചുമത്തിയശേഷം അത് 15 ശതമാനമായി കുറച്ചെന്നത് കണ്ണിൽ പൊടിയിടലാണ്. കേരളത്തോടുള്ള ബജറ്റ് അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും എ വിജയരാഘവൻ ആവശ്യപ്പെട്ടു.