റോം
മലയാളികളായ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ നാവികർക്കെതിരായ കേസ് തള്ളി ഇറ്റാലിയന് കോടതി. എൻറിക ലെക്സി കപ്പലിലെ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയന് നാവികസേനാംഗങ്ങളായ സാൽവത്തോറെ ജിറോൺ, മാസിമിലാനോ ലത്തോറെ എന്നിവർ 2012 ഫെബ്രുവരി 15നാണ് നീണ്ടകര സ്വദേശികളായ മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്നത്. നാവികര്ക്കെതിരെ വിചാരണ നടത്താന് മതിയായ തെളിവില്ലെന്നു കാട്ടിയാണ് റോമിലെ കോടതി കേസ് തള്ളിയത്. കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും വർഷങ്ങൾനീണ്ട നിയമപോരാട്ടത്തിനാണ് അവസാനമായിരിക്കുന്നതെന്നും ഇറ്റാലിയൻ പ്രതിരോധമന്ത്രി ലോറെൻസോ ഗ്വെറിനി പ്രസ്താവനയില് അറിയിച്ചു. നഷ്ടപരിഹാരമായി ഇറ്റലി 10 കോടി രൂപ നല്കിയ സാഹചര്യത്തില് ഇന്ത്യയില് ഇവര്ക്കെതിരായ കേസ് നടപടി കഴിഞ്ഞ മേയില് സുപ്രീംകോടതി അവസാനിപ്പിച്ചിരുന്നു.