തിരുവനന്തപുരം
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ മന്ത്രി ആർ ബിന്ദു അവിഹിതമായി ഇടപ്പെട്ടതിന് എന്ത് തെളിവാണുള്ളതെന്ന് ലോകായുക്തയുടെ ചോദ്യം.
മന്ത്രിയുടേത് നിർദേശം മാത്രമാണെന്നും നിയമനത്തിനായി ശുപാർശ നടത്തിയിട്ടില്ലെന്നും ലോകായുക്ത സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂൺ റഷീദും നിരീക്ഷിച്ചു. ഹൈക്കോടതി ശരിയെന്നുപറഞ്ഞ നിയമനത്തിൽ മന്ത്രിയുടെ ഭാഗത്തുനിന്ന് തെറ്റുണ്ടെന്ന് എങ്ങനെ പറയുമെന്നും രമേശ് ചെന്നിത്തലയുടെ ഹർജി പരിഗണിക്കവെ ഇരുവരും ചോദിച്ചു. സ്വജന പക്ഷപാതിത്വം കാണുന്നില്ലെന്നും പറഞ്ഞു. ഹർജിക്കാരന്റെ അഭിഭാഷകന് ചോദ്യങ്ങൾക്ക് മറുപടി പറയാനായില്ല. ഇതോടെ ഹർജി വിധി പറയാൻ വെള്ളിയാഴ്ചയിലേക്ക് മാറ്റി.
സേർച്ച് കമ്മിറ്റിയിൽ ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യയുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പരാതിപ്പെട്ടപ്പോൾ സ്ത്രീകളാകുമ്പോൾ ആരുടെയെങ്കിലും ഭാര്യയാകുമെന്നും അതിനെയെല്ലാം രാഷ്ട്രീയക്കാരന്റെ ഭാര്യയെന്ന് പറയാനാകുമോയെന്നുമായിരുന്നു ലോകായുക്തയുടെ മറുചോദ്യം. ഈ ഹർജിയിൽ വിധി പറയുംമുമ്പ് ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിടുമോയെന്ന ലോകായുക്തയുടെ ചോദ്യത്തിന് അറിയില്ലെന്ന് അറ്റോർണി പി എ ഷാജി മറുപടി പറഞ്ഞു. ഗവ. പ്ലീഡർമാരായ ചന്ദ്രശേഖരൻ, പാതിരപ്പള്ളി കൃഷ്ണകുമാരി എന്നിവരും സർക്കാരിനുവേണ്ടി ഹാജരായി.
ഗവർണറുടെ കത്ത്
ഹാജരാക്കി
വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ സർക്കാരിനും സർക്കാർ ഗവർണർക്കും അയച്ച കത്തുകൾ ഉൾപ്പെടെയുള്ള രേഖകൾ ലോകായുക്തയിൽ ഹാജരാക്കി. ഇവ ഹാജരാക്കാൻ നേരത്തേ ഉത്തരവിട്ടിരുന്നു. വിസി സ്ഥാനത്തേക്ക് ആരെയെങ്കിലും നിർദേശിക്കാനുണ്ടോയെന്ന് ചോദിച്ചാണ് ഗവർണർ ആദ്യം സർക്കാരിന് കത്തയച്ചത്. തൊട്ടുപിന്നാലെ ഗവർണർ ഈ കത്ത് പിൻവലിച്ചു. തുടർന്ന്, പേര് ഉൾപ്പെടുത്തി പുതിയ നിർദേശം സമർപ്പിക്കാൻ ആവശ്യപ്പെട്ട് മറ്റൊരു കത്തയച്ചു. ഇതിനുള്ള മറുപടിയിലാണ് മന്ത്രി ആർ ബിന്ദു നിർദേശം സമർപ്പിച്ചത്.