കൊച്ചി
ദിലീപ് ഹൈക്കോടതിയിൽ നൽകിയ ആറ് ഫോണിൽ ഒന്ന് ഫോർമാറ്റ് ചെയ്തതെന്ന് കണ്ടെത്തി. ഈ ഫോണിന്റെ ഐഎംഇഐ നമ്പറിലും വ്യക്തതയില്ലാത്തതിനാൽ പ്രോസിക്യൂഷൻ ഇത് പരിശോധിച്ചില്ല. ദിലീപിന്റെ കൈവശമില്ലെന്ന് പറയുന്ന ഫോണിൽനിന്ന് വിളികൾ പോയത് 2000 തവണയെന്നും കണ്ടെത്തി. ഹൈക്കോടതി നിർദേശപ്രകാരം ആറ് ഫോണും ആലുവ മജിസ്ട്രേട്ട് കോടതിക്ക് കൈമാറി. ഫോർമാറ്റ് ചെയ്യപ്പെട്ട ഫോണിൽ നിന്ന് പല നിർണായക വിവരങ്ങളും നഷ്ടമായിട്ടുണ്ടെന്ന് അന്വേഷകസംഘം സംശയിക്കുന്നു. ഐടി, ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ ഇതിലെ വിവരങ്ങൾ വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ. ദിലീപ് ‘ഇല്ലെന്ന്’ പറഞ്ഞ ഫോണിൽനിന്നാണ് 2000 വിളികൾ പോയതിന്റെ സിഡിആർ (കോൾ ഡീറ്റൈയിൽ റെക്കോഡ്സ്) പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്.
2021 ആഗസ്തുവരെ ഉപയോഗിച്ചിരുന്നതാണ് ഈ ഫോൺ. ഇതും പിടിച്ചെടുക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത്തരമൊരു ഫോൺ താൻ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ദിലീപിന്റെ വാദം.
മുംബൈയിലെ സ്വകാര്യ ലാബിൽ സ്വന്തം നിലയിൽ പരിശോധിക്കാൻ രണ്ട് മൊബൈൽ ഫോണുകളാണ് നൽകിയത്. എന്നാൽ, ഏത് ഫോണാണ് മുംബൈയിലേക്ക് കൊണ്ടുപോയതെന്ന് ദിലീപ് വ്യക്തമാക്കിയിട്ടില്ല. കോടതിയുടെയോ അന്വേഷകസംഘത്തിന്റെയോ അനുമതിയോ അറിവോ ഇല്ലാതെ തിടുക്കത്തിൽ ഫോണുകൾ സ്വകാര്യ ലാബിൽ എത്തിച്ചത് തെളിവ് നശിപ്പിക്കാനാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
ദിലീപിന്റെ എംജി റോഡിലെ ഫ്ലാറ്റിൽ റെയ്ഡ്
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ഫ്ലാറ്റിൽവച്ച് ഗൂഢാലോചന നടന്നുവെന്ന സംവിധായകൻ പി ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എറണാകുളം എംജി റോഡിലെ മേത്തർ ഫ്ലാറ്റിലാണ് പരിശോധന നടത്തിയത്. 2017 ഡിസംബറിൽ നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവർ ഇവിടെ ഒത്തുകൂടിയെന്നാണ് കണ്ടെത്തൽ. ഫ്ലാറ്റിലെ സന്ദർശക രജിസ്റ്റർ അന്വേഷകസംഘം പരിശോധിച്ചു. ഫ്ലാറ്റിൽ താമസിക്കുന്നവരിൽനിന്നും ജീവനക്കാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു.
ദിലീപിന്റെ ഫോൺ നന്നാക്കിയ യുവാവിന്റെ
മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
നടൻ ദിലീപിന്റെ മൊബൈൽഫോണുകൾ സർവീസ് ചെയ്തിരുന്ന തൃശൂർ കൊടകര സ്വദേശി സലീഷ് വെട്ടിയാട്ടിലിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ സലീഷിന്റെ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും മൊഴിയെടുക്കും. ബന്ധുക്കൾ പരാതിയിൽ ഉന്നയിച്ച കാര്യങ്ങളിൽ മാത്രമാകും ക്രൈംബ്രാഞ്ച് അന്വേഷകസംഘത്തിന്റെ അന്വേഷണം. സലീഷ് സംവിധാനം ചെയ്ത ഹൃസ്വചിത്രത്തിന്റെ അണിയറപ്രവർത്തകരെയും കാണും.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സലീഷിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സിനിമ മേഖലയിലെ ചിലർ രംഗത്തുവന്നത്. ഇതിനുപിന്നാലെയാണ് സലീഷിന്റെ സഹോദരൻ ശിവദാസ് വെട്ടിയാട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് അങ്കമാലി പൊലീസിൽ പരാതി നൽകിയത്.
പരാതി പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ ദുരൂഹതയില്ലെന്നാണ് അന്നത്തെ അന്വേഷകസംഘത്തിന്റെ കണ്ടെത്തൽ. സലീഷ് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നും കണ്ടെത്തി. സലീഷിന്റെ കാറിന് അടുത്തുകൂടി അമിതവേഗത്തിൽപ്പോയ വാഹനത്തിൽ ഇടിക്കാതിരിക്കാൻ സ്റ്റിയറിങ് വെട്ടിച്ചപ്പോഴാണ് നിയന്ത്രണംവിട്ട് അപകടമുണ്ടായതെന്ന് അന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. സംഭവത്തിൽ ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നില്ല.
ദിലീപിന്റെ ഫോണുകൾ
കോടതിക്ക് കൈമാറി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ മൊബൈൽഫോണുകൾ മജിസ്ട്രേട്ട് കോടതിക്ക് കൈമാറി. ആലുവ ജ്യൂഡീഷ്യല് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആനി വര്ഗീസ് മുന്പാകെ ചൊവ്വ രാത്രി 7.30നാണ് ഫോണുകൾ കൈമാറിയത്. ഫോണുകൾ കൈമാറാൻ പ്രതികൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഉപഹർജി ഹെെക്കോടതി പരിഗണിച്ചാണ് ഉത്തരവിട്ടത്. ഫോൺ അന്വേഷകസംഘത്തിന് നൽകുന്നതിൽ മജിസ്ട്രേട്ട് കോടതി തീരുമാനമെടുക്കണം.
ദിലീപിന് കൂടുതൽ പരിഗണന ലഭിക്കുന്നു എന്ന് നാളെ മറ്റു പ്രതികൾ പറയാൻ ഇടയാകരുതെന്നും അത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷകളിൽ സാധാരണ പ്രതികൾക്ക് നൽകുന്ന സംരക്ഷണം മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി. ഫോണുകൾ കൈമാറരുതെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. ഹാജരാക്കിയ സീരിയൽ നമ്പർ രണ്ടുമുതൽ ഏഴുവരെയുള്ള ഫോണുകൾ രജിസ്ട്രാറുടെ മുറിയിൽ സൈബർ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ചു. ഏഴാംനമ്പർ ഫോൺ തിരിച്ചറിയാൻ കഴിഞ്ഞില്ല. ചില പുതിയ ഫോണുകൾകൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു. കോൾ രേഖകൾ പരിശോധിച്ചതിൽനിന്ന് ഒരു ഫോൺ ദിലീപ് നൽകിയിട്ടില്ല. പ്രതി ഉപയോഗിച്ച ഫോൺ ആണോ എന്നറിയാൻ പരിശോധിക്കേണ്ടതുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ഡിജിപി ആവശ്യപ്പെട്ടു. മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.