തിരുവനന്തപുരം
സ്വകാര്യവൽക്കരണത്തിന് ഊന്നൽ നൽകുന്നതും കോർപറേറ്റുകളെ സഹായിക്കുന്നതുമാണ് കേന്ദ്ര ബജറ്റെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. രാജ്യത്തെ ദരിദ്ര ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കാനുതകുന്ന ഒരു പദ്ധതിയും ബജറ്റിൽ ഇല്ല.എയർ ഇന്ത്യ സ്വകാര്യകുത്തകയെ ഏൽപ്പിച്ചതിൽ ഊറ്റംകൊള്ളുന്ന ബജറ്റ്, നീലാഞ്ചൽ ഇസ്പാറ്റ് നിഗം ലിമിറ്റഡ് (എൻഐഎൻഎൽ) എന്ന പൊതുമേഖലാ ഉരുക്കുകമ്പനി ഏറ്റെടുക്കാൻ സ്വകാര്യ മുതലാളിയെ കണ്ടെത്തിയെന്നും എൽഐസി ഓഹരികൾ വിൽക്കുമെന്നും പ്രഖ്യാപിക്കുന്നു. കോർപറേറ്റുകൾക്ക് അനിഷ്ടകരമായ ഒരു നിർദേശവും ബജറ്റിൽ ഇല്ല.
സാമ്പത്തികമാന്ദ്യ കാലത്ത് ജനങ്ങളുടെ വാങ്ങൽ കഴിവ് ഉയർത്താനും സർക്കാർ ചെലവുകൾ വർധിപ്പിക്കാനുമാണ് ശ്രമിക്കേണ്ടത്. അതിന്റെ വിപരീതദിശയിലാണ് സർക്കാർ നീങ്ങുന്നത്. പുതിയ തൊഴിൽ സൃഷ്ടിക്കാനുതകുന്ന നിർദേശവും ബജറ്റിൽ ഇല്ല. സബ്സിഡികൾ വെട്ടിക്കുറച്ചു. പ്രധാനമന്ത്രി ഗതിശക്തി ‘മെയ്ക്ക് ഇൻ ഇന്ത്യ’ പോലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പ്രഖ്യാപനമാണെന്നും എളമരം കരീം പ്രസ്താവനയിൽ പറഞ്ഞു.