ബംഗളൂരു
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിന്റെ 15–-ാംപതിപ്പിനുള്ള മഹാലേലത്തിന് കളിക്കാരുടെ അന്തിമപട്ടിക തയ്യാർ. ഫെബ്രുവരി 12, 13 തീയതികളിൽ ബംഗളൂരുവിൽ നടക്കുന്ന ലേലത്തിന് 590 കളിക്കാരാണുള്ളത്. വിലക്കിനുശേഷം തിരിച്ചെത്തിയ മലയാളി പേസർ എസ് ശ്രീശാന്ത് ലേല പട്ടികയിൽ ഉൾപ്പെട്ടു. പത്ത് ടീമുകളാണ് ഇക്കുറിയുള്ളത്. ലക്നൗ ജയന്റ്സും അഹമ്മദാബാദുമാണ് പുതിയവർ. രജിസ്റ്റർ ചെയ്തിരുന്ന 1214 താരങ്ങളെയും ടീമുകൾ നിർദേശിച്ച കളിക്കാരെയും പരിഗണിച്ചാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയവരാണ് 228 പേർ. 355 കളിക്കാർ അങ്ങനെയല്ല. അസോസിയേറ്റ് രാജ്യങ്ങളിൽനിന്ന് ഏഴുപേരുണ്ട്. വിദേശ കളിക്കാർ 220.
പ്രമുഖരായ 10 കളിക്കാരെ മാർക്വീ താരങ്ങളായി പരിഗണിക്കുന്നു. ഡേവിഡ് വാർണർ, ട്രെന്റ് ബോൾട്ട്, ആർ അശ്വിൻ, പാറ്റ് കമ്മിൻസ്, ക്വിന്റൺ ഡി കോക്ക്, ശിഖർ ധവാൻ, ഫാഫ് ഡുപ്ലെസി, ശ്രേയസ് അയ്യർ, കഗീസോ റബാദ, മുഹമ്മദ് ഷമി എന്നിവരാണ് പ്രമുഖർ. കഴിഞ്ഞ സീസണിലെ നാല് കളിക്കാരെ നിലനിർത്താൻ ടീമുകളെ അനുവദിച്ചിരുന്നു. എട്ട് ടീമുകളിലായി 27 കളിക്കാരെയാണ് നിലനിർത്തിയത്.
താരലേലത്തിൽ അടിസ്ഥാനവില രണ്ട് കോടിയുള്ള 48 പേരുണ്ട്. ഒന്നരക്കോടിയുള്ള 20 കളിക്കാർ. ഒരു കോടിക്ക് 34 താരങ്ങൾ. പാകിസ്ഥാൻ ഒഴികെ പ്രധാന ടെസ്റ്റ് രാജ്യങ്ങളിൽനിന്നുള്ള കളിക്കാരുണ്ട്. മുപ്പത്തൊമ്പതുകാരനായ അമിത് മിശ്രയാണ് ലേലത്തിലുള്ള പ്രായം കൂടിയ താരം. അണ്ടർ 19 ലോകകപ്പ് കളിച്ച ദക്ഷിണാഫ്രിക്കയുടെ പതിനെട്ടുകാരൻ ഡിവാൾഡ് ബ്രെവിസാണ് ചെറുപ്പം. ഇന്ത്യൻ ടീമിലുള്ള യാഷ് ദൂൽ, വിക്കി ഒസ്ത്വാൾ അടക്കമുള്ള അണ്ടർ 19 താരങ്ങളും ലേലത്തിനുണ്ട്. മഹാരാഷ്ട്രയിലെ നാല് വേദികളിൽ മാർച്ച് 27ന് ഐപിഎൽ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. അപ്പോഴേക്കും കോവിഡിന്റെ ആഘാതം കുറയുമെന്ന കണക്കുകൂട്ടലാണുള്ളത്.