ജിജോ ജോർജ്
തുടർച്ചയായ നാലാം കിരീടം തേടി വനിതകൾ. മൂന്ന് വർഷംമുമ്പ് നഷ്ടപ്പെട്ട ചാമ്പ്യൻപട്ടം തിരികെ പിടിക്കാൻ പുരുഷന്മാർ. ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീം പ്രതീക്ഷകളോടെ പരിശീലനം തുടങ്ങി. കോഴിക്കോട് വി കെ കൃഷ്ണമേനോൻ സ്റ്റേഡിയത്തിലാണ് തയ്യാറെടുപ്പ്. ഏഴുമുതൽ ഒഡിഷയിലെ ഭുവനേശ്വറിലാണ് ചാമ്പ്യൻഷിപ്.
രാജ്യാന്തര താരങ്ങളായ കെ എസ് ജിനി, എം ശ്രുതി, കെ പി അനുശ്രീ, എസ് സൂര്യ എന്നിവരടങ്ങിയ വനിതാ ടീം കിരീടം നിലനിർത്താൻ ഉറച്ചാണ് പരിശീലനം. കേരള പൊലീസിന്റെ പരിചയസമ്പന്നയായ എൻ എസ് ശരണ്യയാണ് ടീമിന്റെ മറ്റൊരു പ്രതീക്ഷ. അഞ്ജലി ബാബു, മായ തോമസ്, എം ആർ ആതിര, ആൽബി തോമസ്, ലിബറോ അശ്വതി രവീന്ദ്രൻ എന്നിവരും ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി കളിച്ചു പരിചയമുള്ളവരാണ്. മേരീ അനീന, സേതു ലക്ഷ്മി എന്നിവരാണ് പുതുമുഖങ്ങൾ.
മൂന്നുതവണയും കേരളത്തെ വിജയത്തിലേക്ക് നയിച്ച ഡോ. സി എസ് സദാനന്ദൻ ആണ് പരിശീലകൻ. പി രാധിക, പി ശിവകുമാർ എന്നിവരാണ് സഹപരിശീലകർ. സൂപ്പർ താരനിരയില്ലാതെയാണ് പുരുഷ ടീം കളത്തിലിറങ്ങുന്നത്. സ്ഥിരം മുഖങ്ങളായ ജെറോം വിനീത്, അഖിൻ ജാസ്, അജിത് ലാൽ, എൻ ജിതിൻ, മുത്തുസാമി അടക്കമുള്ളവർ ഇല്ലെങ്കിലും ടീമിൽ പരിചയസമ്പന്നർക്ക് കുറവില്ല. മുൻ നായകൻ കെ എസ് രതീഷ്, കെ ജി രാഗേഷ്, ലിബറോ സി കെ രതീഷ് എന്നിവർ 10 വർഷത്തിലധികമായി ടീമിനൊപ്പമുള്ളവരാണ്. നേവിയുടെ കെ എം ഫാസിൽ, എ അൻഷാദ് എന്നിവരും കേരളത്തിന്റെ ജേഴ്സി അണിയുന്നു. കഴിഞ്ഞതവണ മൂന്നാംസ്ഥാനത്തായിരുന്നു ടീം. 2016–- 17ൽ ചെന്നൈയിലും, 2017-–-18 കോഴിക്കോട്ടും കേരളം ജേതാക്കളാകുമ്പോൾ പരിശീലകനായിരുന്ന കെ അബ്ദുൾ നാസറാണ് ടീമിനെ അണിയിച്ചൊരുക്കുന്നത്. യൂസഫ് കെ ഇബ്രാഹിം, യാസർ അറഫാത്ത് എന്നിവരാണ് സഹ പരിശീലകർ. മുഹമ്മദ് മുബഷീർ, കെ പി സൗരവ്, നിർമൽ ജോർജ്, കെ ആർ റിജാസ്, വി ടി അശ്വിൻ രാഗ്, ടി എസ് സുനിൽകുമാർ, ഐബിൻ ജോസ് എന്നിവരാണ് മറ്റ് താരങ്ങൾ.