തിരുവനന്തപുരം: 2022 ലെ കേന്ദ്ര ബജറ്റ് കോവിഡ് മഹാമാരി കാരണം പ്രതിസന്ധികൾ നേരിടുന്ന വിവിധ മേഖലകൾക്ക് പ്രതീക്ഷിച്ച ആശ്വാസം പകരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം ചിരകാലമായി ഉന്നയിക്കുന്ന അടിയന്തിരമായ ആവശ്യങ്ങളെ പരിഗണിക്കാനും ബജറ്റിന് കഴിഞ്ഞിട്ടില്ല. കെ-റെയിലും ബജറ്റിൽ പരാമർശിക്കപ്പെട്ടിട്ടില്ല. ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നീട്ടിനൽകണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വകയിരുത്തൽ 2022-23 സാമ്പത്തിക വർഷത്തിൽ 73,000 കോടി രൂപയാണ്. ഇത് 2021-22 ലെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ 25,000 കോടി രൂപ കുറവാണ്. കോവിഡ് കാലഘട്ടത്തിൽ 39000 കോടി രൂപ വാക്സിനേഷനായി നീക്കിവെച്ചിടത്ത് ഇപ്പോൾ 5000 കോടി രൂപമാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. ഭാവിയിലെ ആവശ്യങ്ങൾ കൂടി പരിഗണിക്കുമ്പോൾ ഇത് പര്യാപ്തമല്ലാത്ത സാഹചര്യമാണ് സൃഷ്ടിക്കുക. കേന്ദ്ര സർക്കാരിന്റെ മൊത്തം ചെലവിൽ 4.63 ശതമാനത്തിന്റെ നാമമാത്രമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
ഭക്ഷ്യ സബ്സിഡി 28 ശതമാനമാണ് വെട്ടിക്കുറിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ പൊതുവിതരണ സംവിധാനത്തെയും ദുർബലപ്പെടുത്തുന്നതിന് ഇടയാക്കുന്ന നടപടിയായിരിക്കും. വളം സബ്സിഡിയിൽ വരുത്തിയ 25 ശതമാനത്തിന്റെ കുറവും നമ്മുടെ കാർഷിക മേഖലയെ ഗൗരവമായി ബാധിക്കുന്ന ഒന്നാണ്. സഹകരണ മേഖലയിലെ നികുതി വിഹിതം കോർപ്പറേറ്റുകൾക്ക് തുല്യമാക്കി മാറ്റിയ നടപടി സഹകരണ മേഖലയെ ഒരു തരത്തിലും സഹായിക്കുന്ന ഒന്നല്ല. ഗ്രാമവികസനത്തിനായി നീക്കിവെച്ചിട്ടുള്ള തുക കഴിഞ്ഞ വർഷത്തേക്കാൾ കുറവാണെന്നത് ഗ്രാമീണ വികസനത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കും.
സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാൻ പൊതു ചെലവുകൾ കൂട്ടണമെന്ന തത്വത്തെ ധനകാര്യ യാഥാസ്ഥിതികർ കാലങ്ങളായി എതിർത്തു പോന്നിട്ടുണ്ട്. എന്നാൽ, ഇത്തവണത്തെ ബജറ്റിൽ കേന്ദ്ര ധനകാര്യമന്ത്രി തന്നെ പൊതു നിക്ഷേപ ചെലവുകൾ കൂട്ടേണ്ടത് സ്വകാര്യ നിക്ഷേപത്തിനും സാമ്പത്തിക വളർച്ചയ്ക്കും അനിവാര്യമാണെന്ന് പറഞ്ഞിട്ടുണ്ട്. ഇത് വാക്കിലെങ്കിലും ഒരു മാറ്റമാണ്. എന്നാൽ, ബജറ്റ് കണക്കുകളിൽ നിന്നും കാണാൻ കഴിയുന്നത് ഈ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്ന നടപടികൾ ഉണ്ടായിട്ടില്ലായെന്നാണ്.
സംസ്ഥാനത്തിന്റെ വികസനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകമായ ഒന്നായി കേന്ദ്ര ബജറ്റ് മാറിയിട്ടില്ല. സംസ്ഥാനം ചിരകാലമായി ഉന്നയിക്കുന്ന അടിയന്തിരമായ ആവശ്യങ്ങളെ പരിഗണിക്കാനും ബജറ്റിന് കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ ചിരകാല ആവശ്യമായ എയിംസ് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. റെയിൽവേ സോൺ എന്ന ആവശ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കായി നീക്കിവെച്ച തുകയിലും ആവശ്യകതയ്ക്ക് അനുസരിച്ച് പുരോഗതി ഉണ്ടായിട്ടില്ല. കെ-റെയിലും ബജറ്റിൽ പരാമർശിക്കപ്പെട്ടിട്ടില്ല.
കോവിഡാനന്തര കാലഘട്ടത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ കൂടുതൽ സഹായിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. എന്നാൽ അതിന് അനുയോജ്യമായ വിധത്തിൽ ഉയർന്ന് പ്രവർത്തിക്കുവാൻ ബജറ്റിൽ കഴിഞ്ഞിട്ടില്ല. ജിഎസ്ടി നഷ്ടപരിഹാരം 5 വർഷം കൂടി നീട്ടിനൽകണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. വായ്പാ പരിധി 5 ശതമാനമായി വർദ്ധിപ്പിക്കണമെന്ന ആവശ്യത്തെ അംഗീകരിക്കാൻ ബജറ്റിൽ തയ്യാറായിട്ടില്ല. സംസ്ഥാനങ്ങളുടെ റവന്യൂ കമ്മി നികത്തുന്നതിനായി നീക്കിവെച്ച തുകയിലെ കുറവും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി കടുത്ത സമ്മർദ്ദത്തിലാക്കുന്നതാണ്.
സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച നിരവധി പദ്ധതികൾ കേന്ദ്ര ബജറ്റിൽ പ്രതിഫലിക്കപ്പെടുന്ന നിലയുണ്ടായിട്ടുണ്ട്. കെ-ഫോൺ, കിഫ്ബി, ഡിജിറ്റൽ യൂണിവേഴ്സിറ്റി തുടങ്ങിയ പദ്ധതികൾ ഇത്തരത്തിലുള്ളവയാണ്. സംസ്ഥാന സർക്കാരിന്റെ ഇത്തരം വികസന കാഴ്ചപ്പാടുകൾ ബജറ്റിൽ പ്രതിഫലിക്കുന്നുവെന്നത് സന്തോഷകരമാണ്. ഏറെ തടസ്സങ്ങളും അനാവശ്യമായ എതിർപ്പുകളും നേരിട്ടുകൊണ്ടാണ് സംസ്ഥാന സർക്കാർ ഈ പദ്ധതികളുമായി മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തിന്റെ കാഴ്ചപ്പാട് അംഗീകരിക്കപ്പെട്ട സ്ഥിതിക്ക് ഈ പദ്ധതികളെ സഹായിക്കുന്നതിന് ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തിന്റെ സാമൂഹിക, ഭൗതിക, പശ്ചാത്തല മേഖലകളെ മുന്നോട്ടുനയിക്കാനുള്ള പദ്ധതികളും ഏയിംസ് അനുമതിയും ഈ ബജറ്റ് സമ്മേളനത്തിൽ തന്നെ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.