തിരുവനന്തപുരം
കേന്ദ്ര ബജറ്റ് നിരാശാജനകമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തിന്റെയും കേരളത്തിന്റെയും പ്രതീക്ഷകൾ ഇല്ലാതാക്കുന്നതാണ് ബജറ്റ് നിർദേശങ്ങൾ. രൂക്ഷമായ തൊഴിലില്ലായ്മയും പട്ടിണിയും പരിഹരിക്കാൻ പദ്ധതിയൊന്നുമില്ല. 20 കോടി ജനങ്ങളുടെ തൊഴിലില്ലായ്മ അഭിസംബോധന ചെയ്യാത്ത ബജറ്റാണ് 25 വർഷത്തെ വികസന മുന്നേറ്റം വിളംബരം ചെയ്യുന്നത്.
പൊതുമേഖലയെ തഴഞ്ഞ് എല്ലാത്തിനും പൊതു–-സ്വകാര്യ പങ്കാളിത്തം മതിയെന്നായി. പാവങ്ങളുടെ ദുരിതത്തിന് ആശ്വാസമേകുന്ന നിർദേശങ്ങളൊന്നുമില്ല. സമ്പന്നരുടെ നികുതി ഉയർത്തി, പാവപ്പെട്ടവർക്ക് സഹായമെത്തിക്കാനുള്ള കാഴ്ചപ്പാടുമില്ല. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്നത് പരിഗണിച്ചില്ല. സാമ്പത്തിക പ്രയാസത്തിൽ നട്ടംതിരിയുന്ന സംസ്ഥാനങ്ങളെ കൂടുതൽ പ്രയാസപ്പെടുത്തുന്നതാണ് കടമെടുപ്പ് പരിധി കുറയ്ക്കാനുള്ള തീരുമാനം. പെട്രോളിയത്തിനുമേൽ പരോക്ഷ നികുതിയിൽ രണ്ടു രൂപ അധിക എക്സൈസ് ഡ്യൂട്ടി ചുമത്താനുള്ള നിർദേശം ഒക്ടോബറിൽ നടപ്പാകുമ്പോൾ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വർധിക്കും.
മേനി നടിക്കുന്നത് കൂട്ടിയത് കുറച്ച്
സഹകരണ സംഘങ്ങൾക്ക് അനാവശ്യമായി ചുമത്തിയ 18.5 ശതമാനം ആദായ നികുതിയിൽ മൂന്നര ശതമാനം കുറച്ച് മേനി നടിക്കുകയാണ്. സഹകരണ സംഘങ്ങളെ കമ്പനികൾക്ക് തുല്യമായാണ് കേന്ദ്രം കാണുന്നത്. തോട്ടം മേഖലയ്ക്കും പരിഗണനയില്ല. ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി സംസ്ഥാനങ്ങളുടെ അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണ്. സംസ്ഥാനങ്ങളുമായി ആലോചിച്ചിട്ടില്ല. ഭൂമി ഉടമസ്ഥാവകാശവും രജിസ്ട്രേഷനും സംസ്ഥാന വിഷയമാണ്. വന്ദേ ഭാരത് ട്രെയിൻ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അറിയാവുന്നതിനാലാകാം സിൽവർ ലൈൻ ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് നിർദേശിക്കുന്നതെന്ന് ചോദ്യത്തിന് മന്ത്രി മറുപടി നൽകി.