ന്യൂഡൽഹി
മാസശമ്പളക്കാർക്കും മധ്യവർഗത്തിനും നിരാശ പകർന്ന് ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ്. വരുമാന നികുതി സ്ലാബിൽ മാറ്റമില്ല. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽനിന്ന് ഉയർത്തിയേക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. പഴയ നികുതി സ്ലാബുകളും നിരക്കുകളും തുടരും. 2019ലാണ് മോദി സർക്കാർ അവസാനമായി വരുമാന നികുതി നിരക്കിൽ മാറ്റം വരുത്തിയത്. 2020ൽ പുതിയൊരു വരുമാന നികുതി ഘടനകൂടി കൊണ്ടുവന്നിരുന്നു.
വരുമാന നികുതി മാറ്റത്തിലൂടെ സാധാരണക്കാർക്ക് ആശ്വാസം നൽകിയില്ലെങ്കിലും കോർപറേറ്റുകൾക്ക് കൂടുതൽ ഇളവുകളുണ്ട്. കോർപറേറ്റ് സർചാർജ് 17ൽനിന്ന് 12 ശതമാനമായി കുറച്ചു. പുതിയ ഉൽപ്പന്നനിർമാണ കമ്പനികളുടെ 15 ശതമാനമെന്ന ഇളവോടു കൂടിയ കോർപറേറ്റ് നികുതി ഒരു വർഷം കൂടി തുടരും. കോവിഡ് കണക്കിലെടുത്ത് സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ഇളവുകൾ മൂന്ന് വർഷമെന്നത് നാല് വർഷമാക്കി.
കേന്ദ്ര സർക്കാർ ജീവനക്കാരുടേതിന് സമാനമായി സംസ്ഥാന സർക്കാർ ജീവനക്കാരുടെ ദേശീയ പെൻഷൻ പദ്ധതിയിലെ നിക്ഷേപത്തിന് 14 ശതമാനംവരെ നികുതി ഇളവ് ലഭിക്കും. നേരത്തേ 10 ശതമാനംവരെയായിരുന്നു. സർക്കാർ ജീവനക്കാരല്ലാത്തവർക്ക് ഈ ആനുകൂല്യം ഉണ്ടാകില്ല.
റിട്ടേൺ തിരുത്തി സമർപ്പിക്കാം
വരുമാനം കണക്കാക്കുന്നതിൽ പിഴവുകൾ വന്നാൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയും അധികനികുതി നൽകിയും പരിഷ്കരിച്ച റിട്ടേൺ സമർപ്പിക്കാൻ ഇനിമുതൽ അവസരമുണ്ടാകും. ബന്ധപ്പെട്ട നികുതി വിലയിരുത്തൽ വർഷം അവസാനിച്ച് രണ്ടു വർഷംവരെയാകും അവസരം. ശരിയായ വരുമാനമല്ല റിട്ടേണിൽ കാണിക്കുന്നതെങ്കിൽ നിയമനടപടികളിലേക്കും മറ്റും നീങ്ങുകയാണ് പതിവ്. ഇത് ഒഴിവാക്കാനും നികുതിദായകരെ വിശ്വാസത്തിലെടുത്ത് ആവശ്യമായ തിരുത്തലുകൾക്ക് അവസരം നൽകാനുമാണ് ഇതെന്ന് ധനമന്ത്രി പറഞ്ഞു.