ന്യൂഡൽഹി > രാജ്യത്തെ യുവജനങ്ങളുടെ താൽപര്യങ്ങൾക്ക് എതിരായ ബജറ്റ് തള്ളിക്കളഞ്ഞതായി ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂടീവ്. 20 കോടി പേർക്ക് തൊഴിലുകൾ ഇല്ലാത്ത രാജ്യത്ത് അടുത്ത സാമ്പത്തികവർഷം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ഒരു പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം ഉയർത്തിയിട്ടില്ല.
നഗരങ്ങളിൽ തൊഴിലുകൾ സൃഷ്ടിക്കാനും നിലനിർത്താനും വേണ്ട നടപടികളും ആവിഷ്കരിച്ചിട്ടില്ല. ഡിജിറ്റൽ കറൻസിക്ക് വേണ്ടിയുള്ള പ്രോത്സാഹനം മാത്രമാണ് ബജറ്റിലെ കാര്യമായ പ്രഖ്യാപനം. തൊഴിലില്ലായ്മയും തൊഴിൽ നഷ്ടവും കാരണം രാജ്യത്തെ യുവജനങ്ങൾ നട്ടംതിരിയുന്ന അവസരത്തിൽ വിർച്വൽ ധനത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ക്രിമിനൽ കുറ്റകൃത്യമാണ്. മഹാമാരിയുടെ കാലത്തും അതിസമ്പന്നർ കൂടുതൽ ധനികരാകുന്നു. തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാർ പ്രതിഷേധങ്ങളുമായി തെരുവുകളിൽ ഇറങ്ങുന്നു.
തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ രണ്ട് കോടി പേർക്ക് തൊഴിൽ നൽകുമെന്നായിരുന്നു ഭരണകക്ഷിയുടെ വാഗ്ദാനം. എന്നാൽ, അതിനുള്ള ചെറിയ നീക്കങ്ങൾ പോലും ബജറ്റിൽ ഇല്ലെന്നതാണ് യാഥാർഥ്യം. യുവജനവിരുദ്ധമായ ബജറ്റിന് എതിരെ ബുധനാഴ്ച പ്രതിഷേധവുമായി രംഗത്തിറങ്ങാനും ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂടീവ് ആഹ്വാനം ചെയ്തു.















