കായംകുളം > അടൂരില് വിവാഹം കഴിഞ്ഞ് അടുത്തദിവസം വധുവിന്റെ സ്വര്ണവും, പണവുമായി മുങ്ങിയ വരൻ അറസ്റ്റിൽ. പഴകുളം സ്വദേശിനിയുടെ വീട്ടില് നിന്ന് സ്വര്ണവും പണവുമായി മുങ്ങിയതിനെ തുടർന്ന് പിതാവിന്റെ പരാതിയില് വിശ്വാസ വഞ്ചനയ്ക്ക് അടൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ്, കായംകുളം എംഎസ്എച്ച്എസ്എസിന് സമീപം തെക്കേടത്ത് തറയില് അസറുദ്ദീന് റഷീദ് (30) അറസ്റ്റിലായത്.
ജനുവരി 30 ന് ആദിക്കാട്ടുകുളങ്ങര എസ്,എച്ച് ഓഡിറ്റോറിയത്തില് വച്ചായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരം നടന്നത്. തുടര്ന്ന് ആദ്യരാത്രിക്കായി വരനും, വധുവും വധുവിന്റെ വീട്ടിലെത്തി. 31 ന് പുലര്ച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും താന് ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല് കോളജിലേക്ക് കൊണ്ടു പോകണമെന്നും പറഞ്ഞ് അസറുദ്ദീന് വധൂഗൃഹത്തില് നിന്നും പോകുകയായിരുന്നു.
ഇയാള് പോയിക്കഴിഞ്ഞ് മൊബൈല് ഫോണിലേക്ക് വിളിച്ചപ്പോള് ഫോണ് സ്വിച്ച്ഡ് ഓഫായി. തുടര്ന്ന് സംശയം തോന്നിയ വീട്ടുകാര് നടത്തിയ പരിശോധനയില് വധുവിന്റെ 30 പവന്റെ ആഭരണങ്ങളില് പകുതിയും വിവാഹത്തിന് നാട്ടുകാര് സംഭാവന നല്കിയ 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായി. തുടർന്ന് വധുവിന്റെ പിതാവ് വരന്റെ വീട്ടുകാരെ വിവരം അറിയിച്ച ശേഷം, അടൂർ പൊലീസില് പരാതി നല്കി. തുടർന്ന് വിശ്വാസ വഞ്ചനക്ക് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
പൊലീസ് അന്വേഷണത്തിൽ അസറുദ്ദീന് രണ്ട് വർഷം മുൻപ് ആലപ്പുഴ ചേപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചിട്ടുള്ളതായി പൊലീസിന് മനസ്സിലായി. പ്രതി ചേപ്പാടുള്ള ആദ്യ ഭാര്യയുടെ വീട്ടിലാണെന്നു മനസ്സിലാക്കിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.














