കോഴിക്കോട്: കേന്ദ്ര ബജറ്റിൽ 400 വന്ദേ ഭാരത് തീവണ്ടികൾ പ്രഖ്യാപിച്ചതിൽ കേരളത്തിന് അർഹമായ പരിഗണന കിട്ടുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന സർക്കാർ ഒരിക്കലും നടക്കാത്ത സിൽവർ ലൈനിന് പിറകെ പോകുമ്പോൾ പ്രായോഗികമായി ജനങ്ങൾക്ക് ഗുണം ചെയ്യുന്ന 400 ഓളം വന്ദേ ഭാരത് ട്രെയിനുകളാണ് കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചത്. ദുരഭിമാനം വെടിഞ്ഞ് കെ.റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറണം. പദ്ധതിക്കെതിരേ ബി.ജെ.പി സമരം ശക്തമാക്കുമെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും വികസനമെത്തിക്കുന്ന ബജറ്റാണ് കേന്ദ്രധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത്.കഴിഞ്ഞ ബജറ്റിൽ അനുവദിച്ച തുക 34 ലക്ഷം കോടിയായിരുന്നെങ്കിൽ ഇത്തവണ 39 ലക്ഷം കോടിയായി ഉയർത്തിയത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ച തെളിയിക്കുന്നതാണ്. സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി 50 വർഷത്തേക്ക് പലിശരഹിതമായ സഹായമാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളെ ചേർത്ത് നിർത്തിയുള്ള വികസനമാണ് മോദി സർക്കാർ ആഗ്രഹിക്കുന്നത്. കേരളത്തെ പോലെ കടക്കെണിയിൽ നട്ടംതിരിയുന്ന സംസ്ഥാനത്തിന് ഇത് ഏറെ ഗുണകരമാവുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ബിജെപി കേന്ദ്രത്തിൽ ഭരിക്കുപ്പോൾ മാത്രമാണ് സംസ്ഥാനങ്ങക്ക് കേന്ദ്ര ബജറ്റിൽ ഇത്തരം സഹായങ്ങൾ ലഭിച്ചിട്ടുള്ളത്. സമ്പൂർണ ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ ബജറ്റ്. ഡിജിറ്റൽ ഇന്ത്യ പ്രഖ്യാപിച്ചപ്പോൾ മോദിയുടെ വാചാടോപം എന്നു പറഞ്ഞവർക്കുള്ള ശക്തമായ മറുപടിയാണ് ഡിജിറ്റൽ കറൻസി. അടുത്ത സാമ്പത്തിക വർഷത്തോടെ ഡിജിറ്റൽ കറൻസി വരുന്നതോടെ സമ്പൂർണ ഡിജിറ്റലാവുന്ന അപൂർവ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറും. രാജ്യത്തെ പോസ്റ്റ്ഓഫീസുകളിൽ കോർബാങ്കിംഗ് വരുന്നത് വിപ്ലവകരമായിരിക്കും. ഓരോ വീട്ടുപടിക്കലും ബാങ്ക് എത്തുന്നതോടെ ലോകത്തെ ഏറ്റവും ബൃഹത്തായ ബാങ്കിംഗ് സംവിധാനമുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Content Highlights : Government should avoid K Rail Project says K Surendran