ന്യൂഡൽഹി> പൊതുമേഖലാ ലൈഫ് ഇന്ഷുറന്സ് സ്ഥാപനമായ ലൈഫ് ഇന്ഷുറന്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ -(എല്ഐസി)യെ സ്വകാര്യ വത്ക്കരിക്കുന്ന നടപടി ഉടനെ ഉണ്ടാകുമെന്ന് ധനമന്ത്രി നിർമല സീതരാമൻ . സ്വകാര്യവത്കരണത്തിന്റെ ആദ്യപടിയായി എൽഐസിയുടെ ഓഹരി വിൽപന ഉടനെ ആരംഭിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി.
എയർ ഇന്ത്യയുടെ വിൽപന പൂർത്തിയാക്കിയതിന് പിന്നാലെ എൽഐസിയും സ്വകാര്യവത്കരിക്കാനൊരുങ്ങുകയാണ് കേന്ദ്രം. എൽഐസി ഓഹരിവിൽപനയെകുറിച്ച് 2021ലെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് നടപ്പാക്കിയിരുന്നില്ല. ആ വിൽപന വേഗത്തിലാക്കുമെന്നാണ് ഇന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയത്.
പുതിയ പൊതുമേഖലാ എന്റർപ്രൈസ് (പിഎസ്ഇ) നയം നടപ്പാക്കാൻ കേന്ദ്ര സർക്കാർ നോക്കുകയാണെന്ന് സീതാരാമൻ പറഞ്ഞു. എയർ ഇന്ത്യയുടെ തന്ത്രപരമായ കൈമാറ്റം പൂർത്തിയായതായി നിർദ്ദേശിച്ചു. സാന്പത്തിക വർഷം 2022ലെ ഓഹരി വിറ്റഴിക്കൽ ലക്ഷ്യങ്ങൾ എൽഐസി ഐപിഒ നിർണായകമാണെന്നും മന്ത്രി പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്ഷം തന്നെ എൽഐസിയുടെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) നടക്കും. നിലവില് 100 ശതമാനം സര്ക്കാര് ഉടമസ്ഥതയിലുള്ള എല്ഐസിയാണ് രാജ്യത്തെ ഇന്ഷുറന്സ് വിപണിയുടെ 70 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത്. 38 ലക്ഷം കോടി രൂപയിലധികമാണ് എല്ഐസിയുടെ ആസ്തി. 5 മുതൽ 10 ശതമാനം ഓഹരികളാകും ആദ്യഘട്ടത്തിൽ വിറ്റഴിക്കുക. തുടർന്നു കൂടുതൽ ഓഹരികൾ വിറ്റഴിക്കുന്നതോടെ എൽഐസിയിൽ സ്വകാര്യവത്കരണം പൂർണമാകും.
ആദ്യഘട്ടത്തിൽ എത്ര ഓഹരികള് വില്ക്കും, എത്ര രൂപയാണ് സമാഹരിക്കാന് ലക്ഷ്യമിടുന്നത് തുടങ്ങിയ കാര്യങ്ങളുടെ വ്യക്തമായ വിവരങ്ങള് പുറത്ത് വിട്ടിട്ടില്ല. ഇത് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി (സിസിഇഎ) തീരുമാനിക്കുമെന്നാണ് ധനമന്ത്രി കഴിഞ്ഞ മാസം പറഞ്ഞിരുന്നത്.
എല്ഐസിയുടെ മൊത്തം മൂല്യം കണക്കാക്കുന്നതിന് വാഷിങ്ടണ് ആസ്ഥാനമായ മില്ലിമാന് അഡൈ്വസേഴ്സ് എന്ന സ്ഥാപനത്തെ സര്ക്കാര് നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. ഓഹരി വില്പ്പന എളുപ്പമാക്കുന്നതിന് എല്ഐസിയെ കമ്പനിയാക്കാനും ചെയര്മാന് തസ്തിക ഇല്ലാതാക്കി പകരം സിഇഒ തസ്തിക കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.