തിരുവനന്തപുരം > നാലു വാഴയില്ലാത്ത വീടുണ്ടാവില്ല കേരളത്തിൽ. നാലു സെന്റിൽ വീടുവയ്ക്കുന്നവർക്കുപോലും എല്ലാ മൂലയിലും ഒരോ വാഴ വയ്ക്കാൻ കഴിയും. ഗ്രാമ– നഗര ഭേദമില്ലാതെ ഏറ്റവുമധികം വ്യാപാരം നടക്കുന്ന കാർഷികോൽപന്നവും വാഴപ്പഴം തന്നെയാവണം. തിരുവനന്തപുരം പാറശാലയിലെ വിനോദിന്റെ വാഴത്തോട്ടം ഒരു അത്ഭുത കാഴ്ചയാണ്. വേറെ എവിടെയുമുണ്ടാവില്ല ഇത്തരം വൈവിദ്യമുള്ളൊരു വാഴലോകം. 430 വാഴയിനങ്ങളാണ് നാലര ഏക്കറിലായുള്ള വാഴച്ചേട്ടൻ എന്ന് അറിയപ്പെട്ടുന്ന വിനോദിന്റെ തോട്ടത്തിലുള്ളത്. എട്ട് വർഷം കൊണ്ട് കേരളത്തിനകത്തും പുറത്തുനിന്നുമായാണ് വിനോദ് ഈ വാഴത്തോട്ടമൊരുക്കിയത്. വിദേശത്ത് നിന്നുള്ള അപൂർവയിനം വാഴകളുമുണ്ട്. പലതും നമ്മൾ കേട്ടിട്ട് പോലുമില്ലാത്തവ.
ബംഗാളിലെ ബോജി മനോഹർ, തായ്ലൻഡിലെ പിസാൻ നവാക്ക, ഉത്തര കർണാടകയിലെ രാജാപുരി, ഓസ്ട്രേലിയയിലെ ഷുഗർ ബാനൻ, അൾസറിനു മരുന്നായ പൂങ്കള്ളി, ആയിരം കിലോയുള്ള നാടൻ പൂവൻ ഇങ്ങനെ പോകുന്നു അവ. ലിംകാ ബുക്ക് ഓഫ് റെക്കോഡിലും വിനോദ് ഇടം നേടിയിട്ടുണ്ട്. തിരുവനന്തപുരം പാറശാലയിൽ വെച്ച് നടന്ന സിപിഐ എം ജില്ലാ സമ്മേളന നഗരിയിലെ ഭക്ഷണത്തിനായുള്ള മുഴുവൻ വാഴപ്പഴവും നൽകിയത് വിനോദായിരുന്നു. വിനോദിന്റെ വാഴപ്പഴത്തിന്റെ രുചിയറിഞ്ഞ് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, ധന മന്ത്രി കെ എൻ ബാലഗോപാൽ എന്നിവർ വിനോദിന്റെ വാഴത്തോട്ടം സന്ദർശിച്ചിരുന്നു.
12–-ാം വയസിൽ തുടങ്ങിയ കൃഷി
കാരാളിത്തോടിനു തീരത്തെ കൊടിവിളാകം വീട്ടിലാണ് വിനോദിന്റെ കൃഷി. നാലര ഏക്കറിൽ വാഴയും പച്ചക്കറിയും കോഴിയും താറാവുമൊക്കെയുള്ള വിനോദിന്റെ കൃഷി ജീവിതം ആരംഭിക്കുന്നത് 12–-ാംവയസിലാണ്. “ഞാൻ അന്ന് ഏഴാം ക്ലാസിലാണ്. അന്ന് നെൽകൃഷിയൊന്നുമില്ലാതെ പാടം വെറുതേ കിടക്കുകയായിരുന്നു. അങ്ങനെയാണ് വാഴകൃഷി തുടങ്ങിയത്. കൃഷിപ്പണിയൊക്കെയായി പാടത്തേക്കിറങ്ങിയെങ്കിലും പഠനം തുടർന്നു. ബി എസ് സി ഫിസിക്സ് പൂർത്തിയാക്കി. കുറച്ചുകാലം ബിസിനസും ചെയ്തു. അന്നും കൃഷി ചെയ്തിരുന്നു. എല്ലാ ആഴ്ചയും നാട്ടിൽ വരും. പിന്നീട് അമ്മ മരിച്ചതോടെ ബിസിനസൊക്കെ അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങി. പിന്നെ പൂർണമായും കൃഷി തന്നെയായിരുന്നു. തുടക്കത്തിൽ പത്തു പന്ത്രണ്ട് ഇനം മാത്രമേയുണ്ടായിരുന്നുള്ളു. എട്ട് വർഷം കൊണ്ടാണിത്രയും വൈവിദ്യമാർന്ന വാഴ ഇനങ്ങളെ കണ്ടെത്തി കൃഷി ചെയ്തത് –- വിനോദ് പറഞ്ഞു.
ബംഗാൾ, ആസാം, ഗുജറാത്ത് –- വാഴയിനങ്ങൾ തേടിയുള്ള യാത്ര
എട്ട് വർഷം മുമ്പാണ് വ്യത്യസ്ത വാഴയിനം തേടിയുള്ള യാത്ര വിനോദ് ആരംഭിച്ചത്. ഇന്റർനെറ്റിന്റെ സഹായത്തോടെ വിവധയിനം വാഴകളെ പറ്റിയറിഞ്ഞു. കൃഷിയുടെ രീതി കാലാവസ്ഥ ഇവയെ കുറിച്ചെല്ലാം വ്യക്തമായി മനസിലാക്കി. ഇന്ത്യയിൽ എല്ലായിടത്തും വാഴകൃഷിയില്ലെന്നും തീരപ്രദേശത്തിന് സമീപമുള്ള സ്ഥലങ്ങളിലാണ് കൂടുതലായും വാഴ കൃഷി ചെയ്യുന്നതെന്നും മനസിലാക്കിയ വിനോദ് അങ്ങോട്ട് യാത്ര തിരിച്ചു. ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട് , ബംഗാൾ, ഒഡിഷ, ആസാം, അരുണാചൽ പ്രദേശ്, മണിപ്പൂർ ഇവിടങ്ങളിലൊക്കെ വാഴകന്നുകൾ തേടി പോയി.
പലതും കേരളത്തിൽ നട്ടുപിടിപ്പിക്കാൻ പാടാണെങ്കിലും കൊണ്ടുവന്നു. നന്നായി പരിപാലിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഹോർട്ടികൾച്ചർ, കൃഷി വകുപ്പ്, ഗവേഷണ സ്ഥാപനങ്ങൾ, കൃഷിവിജ്ഞാന കേന്ദ്രങ്ങൾ, ഫാമുകൾ ഇവിടങ്ങളിൽ നിന്നും കന്നുകൾ ശേഖരിച്ചു. കർണാടകയിലെ ചെറ്റ്ലി ഹോർട്ടിക്കൾച്ചറൽ സ്റ്റേഷൻ, തൃശിനാപ്പള്ളിയിലെ ദേശീയ വാഴ ഗവേഷണകേന്ദ്രം എന്നിവടങ്ങളിൽ നിന്ന് മികച്ച സഹകരണവും വിനോദിന് ലഭിച്ചു. ഇന്ത്യയിലെ വിവധ സംസ്ഥാനങ്ങളിലെ വാഴകന്നുകൾ മാത്രമല്ല വിദേശത്തെ വിവധയിനം കന്നുകളും ശേഖരിച്ചു.
ഇതിനൊപ്പം കേരളത്തിന്റെ സ്വന്തം വാഴകൾ എവിടെയുണ്ടെന്നറിഞ്ഞാലും പോയി അന്വേഷിച്ച് കണ്ടെത്തും. അഗസ്ത്യ മലകയറി അവിടെ നിന്നടക്കം കന്ന് കൊണ്ടുവന്നു. ചെങ്കദളിയും കിളിച്ചുണ്ടനുമൊക്കെ ഇത്തരത്തിന്റെ കേരളത്തിന്റെ പല ഭാഗത്ത് നിന്ന് കൊണ്ടുവന്നതാണ്. നട്ടത്. അപൂർവ നാടൻ ഇനങ്ങളായ ഒറ്റമുങ്ഗ്ലി, കരിങ്കദളി, സൂര്യകദളി തുടങ്ങിയ വാഴകളും വിനോദിന്റെ തോട്ടത്തിലുണ്ട്. ലേഡി ഫിംഗർ, ബ്ലു ജാവ, റെഡ് ബനാന തുടങ്ങി ഒത്തിരി വിദേശ ഇനം വാഴകളും മലേഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ, ഹവായ്, ഹോണ്ടുറാസ് ഇടങ്ങളിൽ നിന്നുള്ള വാഴകളും പാറശ്ശാലയിലെ വാഴത്തോട്ടത്തിൽ കൃഷി ചെയ്യുന്നുണ്ട്. ഉയരമുള്ള ആസാം വാഴയും ഉയരം കുറഞ്ഞ ജഹാജിയും കന്യാകുമാരിയിലെ മനോരജ്ഞിതം, പഴനിയിലെ വിരുപാക്ഷി തുടങ്ങിയവയുമുണ്ട്. “ഒരുപാട് അന്വേഷണങ്ങൾക്കൊടുവിലാണ് വെറൈറ്റി വാഴകന്നുകൾ കണ്ടെത്തി നടുന്നത്. മറ്റുള്ളവരിൽ നിന്നു വാങ്ങുമ്പോൾ എന്റെ തോട്ടത്തിലുള്ള വാഴ കന്നുകൾ അവർക്ക് കൊടുക്കും’ –- വിനോദ് പറയുന്നു.
വാഴക്കൃഷി മൂന്ന് തരം
മൂന്ന് തരത്തിലാണ് വിനോദ് വാഴക്കൃഷി ചെയ്യുന്നത്. ആദ്യത്തേത് “പ്രൊഫഷണൽ’. ഏത്തവാഴയാണ് ഈ കൃഷിയിലെ താരം. ഒക്ടോബർ നവംബർ ഡിസംബർ മാസങ്ങളിലായാണ് ഈ കൃഷി നടക്കുക. ഓണവിപണിയാണ് ലക്ഷ്യം. വെള്ളം, വളം തുടങ്ങി കൃത്യമായ പരിപാലനം ഈ കൃഷിയ്ക്കാവശ്യമാണ്.
രണ്ടാമത്ത കൃഷിയിൽ പാളയംകോടൻ, ഞാലിപ്പൂവൻ, പൂവൻ തുടങ്ങിയവ വെറുതെ നട്ട് ഇടും. ഇതിന് മഴ വരുമ്പോൾ മാത്രം വള്ളം ഇട്ടുകൊടുത്താൽ മതി. വെള്ളമൊഴിക്കലും പരിചരണവും കുറവ് മതി. ഈ കൃഷിയിൽ ദിവസവും ഇലവെട്ടാനാവും. വാഴക്കുലയും ദിവസവുമുണ്ടാവും. മൂന്നാമത്തെ കൃഷിയാണ് വിനോദിന് ഏറ്റവുമിഷ്ടം. പക്ഷേ ഒരുപാട് ലാഭകരമല്ല. ഒരുപാട് യാത്ര ചെയ്യണം. വാഴയിനങ്ങൾ കണ്ടെത്തണം. കൃത്യമായ പരിപാലനം വേണം. എന്നാലും വിനോദിന് ഇതാണിഷ്ടം.
“വെറൈറ്റി ഇനത്തിലുള്ള വാഴകളുടെ കുലകൾ വിവിധ പ്രദർശനങ്ങളിലേക്ക് കൊടുക്കാം. ചെറിയതോതിൽ വാഴക്കന്നുകൾ വിൽക്കുന്നുണ്ട് ഇപ്പോൾ. ഹോൾസെയിൽ വിൽപ്പനയാണ്. വെറൈറ്റി വാഴക്കന്നുകൾക്കാണ് ആവശ്യക്കാർ. മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്കാണ് വാഴക്കന്നുകൾ നൽകുന്നത്. ഇതിനായി വാട്സാപ്പ് ഗ്രൂപ്പുമുണ്ട്” വിനോദ് പറഞ്ഞു. വാഴയിൽ നിന്നു മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കി വിൽക്കണമെന്നാണ് മകൻ പറയുന്നത്. മകൻ അഭനീഷും ഇപ്പോ കൃഷിയ്ക്ക് കൂടെയുണ്ട്. മകൻ എംടെക്ക് കഴിഞ്ഞയാളാണെന്നും വിനോദ് കൂട്ടിച്ചേർത്തു.