കൊച്ചി> നടൻ ദിലീപിന്റെ മൊബൈൽ ഫോണുകൾ സർവീസ് ചെയ്തിരുന്ന യുവാവ് കാറപകടത്തിൽ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. 2020 ഓഗസ്റ്റ് 30 നാണ് കൊടകര സ്വദേശി സലീഷ് എന്ന യുവാവ് അങ്കമാലി ടെൽക്കിന് സമീപം ഉണ്ടായ റോഡപടകത്തിലാണ് മരിച്ചത്. സ്വാഭാവിക അപകട മരണമാണെന്ന നിഗമനത്തിൽ പൊലീസ് കേസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ പുനരന്വേഷണം ആവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു.
സലീഷ് കൊച്ചിയിൽ നടത്തിയിരുന്ന മൊബൈൽ സർവീസ് കടയിലാണ് ദിലീപിൻറെ ഫോണുകൾ സർവീസ് ചെയ്തിരുന്നത്. മരണത്തിന് പിന്നിൽ ദുരൂഹതകളുണ്ടെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര ഉൾപ്പെടെ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ അങ്കമാലി പൊലീസിന് പരാതി നൽകിയത്. കേസിൽ ലോക്കൽ പൊലീസും അന്വേഷണം നടത്തും.