കൊച്ചി > നടിയെ ആക്രമിച്ചത് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില് ആറ് ഫോണുകൾ കൈമാറിയ ദിലീപ് 2017ൽ ഉപയോഗിച്ച ഐഫോൺ ഹൈക്കോടതിയിൽ ഹാജരാക്കിയില്ല. ദിലീപിന്റെ ഐഫോൺ 13 പ്രോ, ഐഫോൺ 12 പ്രോ മാക്സ്, വിവോ ഫോണുകളും സഹോദരൻ അനൂപ് 2017ൽ ഉപയോഗിച്ച ഹുവായ്, 2020ൽ ഉപയോഗിച്ച റെഡ്മി 9 ഫോണുകളും സുരാജ് ഉപയോഗിച്ച ഹുവായ് ഫോണുമാണ് മുദ്രവച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് തിങ്കളാഴ്ച കൈമാറിയത്.
ഗൂഢാലോചന നടത്തിയതിനും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സൂക്ഷിച്ചതിനും പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയതിനുമെല്ലാമുള്ള തെളിവുകൾ ഉണ്ടെന്ന് അന്വേഷകസംഘം കരുതുന്ന 356723080949446 ഐഎംഇഐ നമ്പറിലുള്ള ഐഫോൺ 10 ആണ് ഹാജരാക്കാത്തത്.
പ്രോസിക്യൂഷൻ നൽകിയ പട്ടികയിൽ പറയുന്ന ഈ ഫോൺ ഏതെന്ന് വ്യക്തമല്ലെന്നാണ് ദിലീപ് പറയുന്നത്. ഇത് നിലവിൽ കൈവശമില്ലെന്നും പ്രവർത്തനരഹിതമായതിനാൽ ഉപേക്ഷിച്ചതായും ദിലീപ് കോടതിയെ അറിയിച്ചു.
മുംബൈയിലെ സ്വകാര്യ ലാബിൽ പരിശോധനയ്ക്കയച്ചെന്ന് ദിലീപ് ശനിയാഴ്ച കോടതിയെ അറിയിച്ച രണ്ടെണ്ണമടക്കമുള്ള ഫോണുകളാണ് ഹാജരാക്കിയത്.