തിരുവനന്തപുരം > കോവിഡ് മൂന്നാംതരംഗ പ്രതിരോധത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കൊപ്പം സഹകരണ സംഘങ്ങളും കൈകോർക്കും. കൂടുതൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗമാകാൻ സഹകരണ സ്ഥാപനങ്ങളോട് നിർദേശിച്ചതായി സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം നൽകുന്ന സമൂഹ അടുക്കളകൾക്ക് സഹകരണ സ്ഥാപനങ്ങൾ സഹായമുറപ്പാക്കും. ആംബുലൻസ് സേവനം, സഹായ കേന്ദ്രങ്ങൾ തുറക്കുക, ലബോറട്ടറി സേവനം ഉറപ്പാക്കുക, മരുന്നുകൾ എത്തിക്കുക എന്നീ പ്രവർത്തനങ്ങളും ഏറ്റെടുക്കും.
അമ്പതോളം സഹകരണ ആശുപത്രിയിൽ കുറഞ്ഞ ചെലവിൽ ഐസിയു, ഓക്സിജൻ ബെഡ് അടക്കം മികച്ച സൗകര്യമൊരുക്കി. കിടത്തിച്ചികിത്സാ സൗകര്യമില്ലാത്ത അറുപതോളം ആശുപത്രി ടെലിമെഡിസിൻ സൗകര്യത്തോടെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു. മരുന്ന് വിതരണത്തിലെ മുഖ്യചുമതല നീതി മെഡിക്കൽ സ്റ്റോറുകൾക്കാണ്. 13 ശതമാനംവരെ വിലയിളവ് ലഭ്യമാക്കുന്നു. നെബുലൈസർ, പൾസ് ഓക്സിമീറ്റർ തുടങ്ങിയവയ്ക്കും വിപണി വിലയേക്കാൾ കുറവാണ്. സഹകരണ സംഘങ്ങൾ മാസ്ക്, സാനിറ്റൈസർ ഉൽപ്പാദനം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.